റാഷിദ് കറക്കിയിട്ടും 'സൂര്യ'തേജസോടെ മുംബൈ, അവസരം മുതലാക്കി വിഷ്ണുവും; പ്ലേ ഓഫിനായി പോരാട്ടം, കൂറ്റൻ സ്കോർ

സെഞ്ചുറി നേടി ഒരിക്കൽ കൂടി സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്. മികച്ച പിന്തുണ നൽകാൻ വിഷ്ണു വിനോദിനും (30) സാധിച്ചു. ​ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടിയത്.

mi vs gt rashid khan 4 wicket suryakumar yadav fifty mumbai good total btb

മുംബൈ: റാഷിദ് ഖാന്റെ വമ്പൻ പ്രകടനം ഒരുവശത്ത് നടന്നിട്ടും ​ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് മുംബൈ കുറിച്ചത്. സെഞ്ചുറി നേടി ഒരിക്കൽ കൂടി സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്. മികച്ച പിന്തുണ നൽകാൻ വിഷ്ണു വിനോദിനും (30) സാധിച്ചു. ​ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകർ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശർമ്മയെയും അനായാസം നേരിട്ട രോഹിത് ശർമ്മയും ഇഷാൻ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാൽ, പവർ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറിൽ രോഹിത് ശർമ്മയെയും ഇഷാൻ കിഷനെയും മടക്കി ​റാഷിദ് ഖാൻ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നൽകി.

രോഹിത് 18 പന്തിൽ 29 റൺസെടുത്തപ്പോൾ ഇഷാൻ കിഷൻ 20 പന്തിൽ 31 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാർ പ്ലെയർ നെഹാൽ വധേരയെയും (15) റാഷിദ് ഖാൻ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ​ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാർ യാദവും ചേർന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അൽസാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ആകാശത്തെ നക്ഷത്രങ്ങളെ കാണിച്ച് കൊടുത്ത് ഇരുവരും മുംബൈയുടെ കരുത്തായി മാറി.

മുംബൈയുടെ കുതിപ്പ് തുടരുന്നതിനിടെയാണ് മോഹിത് ശർമ്മ വമ്പൻ തിരിച്ചുവരവ് നടത്തിയത്. റൺ ക്ഷാമം രൂക്ഷമായ ഓവറിലെ അവസാന പന്തിൽ വിഷ്ണു വിനോദ് പുറത്തുമായി. 20 പന്തിൽ 30 റൺസാണ് താരം ഇതിനകം പേരിൽ കുറിച്ചത്. പിന്നാലെ 32 പന്തിൽ സൂര്യ അർധ സെഞ്ചുറിയിലേക്കെത്തി. തന്റെ അവസാന ഓവറിലെ അവസാന പന്തിൽ ടിം ഡേവിഡിനെ കൂടെ തിരികെ നടത്തിച്ച് റാഷിദ് ഖാൻ വാംഖഡയെ കരയിച്ചു.

പിന്നാലെ വീണ്ടുമെത്തിയ മോഹിത് ശർമ്മയെ തലങ്ങും വിലങ്ങുമിട്ട് പായിച്ച് 20 റൺസാണ് സൂര്യ അടിച്ച് കൂട്ടിയത്. അടുത്ത ഓവറിൽ ഷമിയും 17 റൺസ് വഴങ്ങിയതോടെ മുംബൈ 200 കടന്നു. അവസാന ഓവറിൽ അൽസാരിയെയും ശിക്ഷിച്ച് സൂര്യ അർഹിച്ച ആ​ദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി.

പറഞ്ഞത് ആവേശിനോട്, കൊട്ട് കോലിക്ക്! 'അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് ശീലമല്ല', തുറന്നടിച്ച് നവീൻ, വീഡിയോ 

Latest Videos
Follow Us:
Download App:
  • android
  • ios