സഹിക്കാനാകാത്ത വേദന; കണ്ണീരോടെ ഫിസിയോയെ കെട്ടിപ്പിട്ടിച്ച് സ്റ്റാർ ഓള്‍റൗണ്ടര്‍, ആരാധകരും സങ്കടത്തിൽ
സ്വന്തം ബൗളിംഗില്‍ ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ ഇടത് കൈയിലെ വിരലിന് പരിക്കേറ്റ സ്റ്റോയിനിസ് വേദന കൊണ്ട് പുളയുകയായിരുന്നു.
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തില്‍ നാലാം നമ്പറിലിറങ്ങി വെടിക്കെട്ട് പ്രകടനവുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ബാറ്റിംഗായിരുന്നു. 40 പന്തില്‍ 72 റണ്‍സടിച്ച സ്റ്റോയിനിസ് പഞ്ചാബ് ബൗളര്‍മാരെ നിലം തൊടീക്കാതെ പറത്തിയപ്പോള്‍ ലഖ്നൗ ഓവറില്‍ 12 റണ്‍സ് ശരാശരിയുമായി കുതിച്ചു കയറി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് നായകൻ ശിഖര്‍ ധവാന്‍റെ വിക്കറ്റ് സ്വന്തമാക്കിയും ഓസ്ട്രേിയൻ താരം മിന്നി തിളങ്ങി.
എന്നാല്‍, വേദന നിറഞ്ഞ അവസ്ഥയിലാണ് താരത്തിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നത്. സ്വന്തം ബൗളിംഗില്‍ ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ ഇടത് കൈയിലെ വിരലിന് പരിക്കേറ്റ സ്റ്റോയിനിസ് വേദന കൊണ്ട് പുളയുകയായിരുന്നു. പഞ്ചാബിന്‍റെ അഥര്‍വ തെയ്ദെ ആണ് ബാറ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് സ്റ്റോയിനിസിന് മത്സരത്തില്‍ തുടരാൻ സാധിച്ചിരുന്നില്ല. ആയുഷ് ബദോണി ആണ് ഓവര്‍ പൂര്‍ത്തീകരിച്ചത്. വേദന കൊണ്ട് പുളഞ്ഞാണ് മാര്‍ക്കസ് സ്റ്റോയിനിസ് ഗ്രൗണ്ട് വിട്ടത്.
വേദന സഹിക്കാനാകാതെ ഫിസിയോയെ കണ്ണീരോടെ കെട്ടിപ്പിടിക്കുന്ന സ്റ്റോയിനിസിന്‍റെ വീഡിയോ ആരാധകരെയും സങ്കടത്തിലാക്കി. താരത്തെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്. പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം, നാലാം നമ്പറില്‍ സ്റ്റോയിനിസിനെ ഇറക്കാനുള്ള ലഖ്നൗവിന്‍റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായതെന്ന് വിലയിരുത്തല്‍ വരുമ്പോള്‍ അത് തന്‍റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇടം കൈ - വലം കൈ സാന്നിധ്യം ഉറപ്പിക്കാന്‍ മയേഴ്സ് പുറത്തായപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയെ അയക്കാനായിരുന്നു ടീം തീരുമാനിച്ചിരുന്നത്.
എന്നാല്‍ അത് അവഗണിച്ചാണ് താന്‍ ബാറ്റിംഗിനിറങ്ങിയതെന്ന് സ്റ്റോയിനിസ് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തെയ്ദെയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി.