എല്ലാ പരിധിയും ലംഘിച്ച് ലഖ്നൗ പരിശീലകൻ; അമ്പയറെ അശ്ലീല ആംഗ്യം കാണിച്ചു? ചിത്രവുമായി ആരാധകരുടെ കടുത്ത വിമർശനം
കാണികൾ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിൻറെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി.
ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിലെ വിവാദങ്ങൾ ഒഴിയുന്നില്ല. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങളാണ് ശനിയാഴ്ച അരങ്ങേറിയത്. എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല. ഹെൻറിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല.
എന്നാൽ, ഇതിനിടെ കാണികൾ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിൻറെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതോടെ മത്സരം തടസപ്പെട്ടു. ഓൺ ഫീൽഡ് അംപയർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇതേസമയം തന്നെ 'കോലി...കോലി' എന്ന ചാന്റും സ്റ്റേഡിയത്തിൽ മുഴങ്ങി. എന്നാൽ, ഇതിനിടെ ലഖ്നൗവിന്റെ പരിശീലകൻ ആൻഡി ഫ്ലവറും അമ്പയറോട് ക്ഷുഭിതനായി സംസാരിക്കുന്നതിന്റെ ഒരു ചിത്രം പുറത്ത് വന്നു. ഇതിൽ ആൻജി ഫ്ലവർ അമ്പയറെ 'നടുവിരൽ' ഉയർത്തിക്കാട്ടിയെന്നാണ് ചിത്രം സഹിതം ആരാധകർ ആരോപിക്കുന്നത്. ലക്നൗപ പരിശീലകനെതിരെ കടുത്ത വിമർശനങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്. അതേസമയം, സൺറൈസേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളെ തളർത്തി നിർണായക മത്സരത്തിൽ മിന്നും വിജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് നേടിയത്.
ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി. മറുപടി ബാറ്റിംഗിൽ അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്നൗവിന്റെ തീപ്പൊരിയായത്. മാർക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാൻ (44) എന്നിവർ അത് ആളിക്കത്തിച്ചതോടെ വിജയം ലഖ്നൗ പേരിലാക്കി.