കിംഗ് എന്നു വിളിക്കുന്നതാണോ വിരാട് എന്ന് വിളിക്കുന്നതാണോ ഇഷ്ടം, മറുപടിയുമായി വിരാട് കോലി
പ്രതീക്ഷകള്‍ പങ്കുവെക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും കോലി പറഞ്ഞു. പ്രതീക്ഷകള്‍ പങ്കുവെച്ചാല്‍ പിന്നീട് അത് ആവശ്യമായി മാറും.
ബെംഗലൂരു: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി വിരാട് കോലി മിന്നുന്ന ഫോമിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടീമിന്‍റെ വിജയശില്‍പിയും കളിയിലെ താരവുമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രണ്ടാം മത്സരത്തിന് തയാറെടുക്കുന്ന വിരാട് കോലി ആര്‍സിബിയുടെ മിസ്റ്റര്‍ നാഗ് ഷോയില്‍ പങ്കെടുത്ത് നല്‍കിയ രസകരമായ മറുപടികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുന്നത്.
കിംഗ് എന്ന് വിളിക്കുന്നതാണോ വിരാട് എന്ന് വിളിക്കുന്നതാണോ എന്നായിരുന്നു നാഗിന്‍റെ ഒരു ചോദ്യം. കിംഗ് എന്ന് വിളിക്കുന്നതിനെക്കാള്‍ വിരാട് എന്ന് വിളിക്കുന്നതാണ് തനിക്കിഷ്ടമെന്ന് കോലി മറുപടി നല്‍കിയെങ്കിലും മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കിംഗ് ഈസ് ബാക്ക് എന്ന് ആരാധകന്‍ ഉറക്കെ വിളിച്ചപ്പോള്‍ കോലി ചിരിക്കുന്ന വീഡിയോ കാണിച്ച് അപ്പോള്‍ കിംഗ് എന്ന് വിളിക്കുന്നത് ആസ്വദിക്കുന്നുണ്ട് എന്ന് നാഗ് ചോദിച്ചു. എന്നാല്‍ കിംഗ് എന്ന് വിളിച്ച് കേള്‍ക്കുന്നത് സന്തോഷമൊക്കെ ആണെങ്കിലും അതിനെക്കാള്‍ വിരാട് എന്ന് വിളിക്കുന്നത് തന്നെയാണ് ഇഷ്ടമെന്നായിരുന്നു കോലിയുടെ മറുപടി.
പ്രതീക്ഷകള്‍ പങ്കുവെക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും കോലി പറഞ്ഞു. പ്രതീക്ഷകള്‍ പങ്കുവെച്ചാല്‍ പിന്നീട് അത് ആവശ്യമായി വരും. അഥുകൊണ്ട് ആരോടും പ്രതീക്ഷകള്‍ പങ്കുവെക്കരുതെന്ന് കോലി ഉപദേശിച്ചു. സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പിന്തുണയില്‍ ഐപിഎല്‍ കിരീടം നല്‍കാന്‍ തീരുമാനിച്ചാല്‍ ഐപിഎല്‍ തുടങ്ങി രണ്ടാഴ്ചക്കുള്ളില്‍ ആര്‍സിബി കിരീടം നേടുമെന്നും കോലി പറഞ്ഞു. അഭിമുഖത്തിന്‍റെ അവസാനം മിസ്റ്റര്‍ നാഗുമായി കവിതാരചനാ മത്സരത്തിലും വിരാട് കോലി പങ്കെടുത്തു.