അന്ന് ഹീറോ, ഇന്ന് വില്ലൻ! 'എത്ര കിട്ടി'; ജയിപ്പിച്ചപ്പോഴും പിഴച്ചപ്പോഴും സൈബറാക്രമണം നേരിട്ട് സന്ദീപ് ശര്‍മ്മ
ടീമിന്‍റെ ഹീറോ ആയപ്പോഴും വില്ലനായപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നുവെന്ന ഗതികേടിലാണ് താരം.
ജയ്പുര്‍: അവസാന പന്തിലെ നോ ബോളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വി വഴങ്ങിയതോടെ കടുത്ത സൈബര്‍ ആക്രമണം നേരിട്ട് രാജസ്ഥാൻ റോയല്‍സ് താരം സന്ദീപ് ശര്‍മ്മ. സീസണില്‍ ഇത് രണ്ടാം തവണയാണ് സന്ദീപ് ശര്‍മ്മ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയാകുന്നത്. ടീമിന്‍റെ ഹീറോ ആയപ്പോഴും വില്ലനായപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നുവെന്ന ഗതികേടിലാണ് താരം. ആദ്യം ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ അവസാന ഓവറില്‍ രാജസ്ഥാന് വേണ്ടി വിജയം കൊണ്ട് വന്നപ്പോഴാണ് സന്ദീപ് ശര്‍മ്മ അധിക്ഷേപം നേരിടേണ്ടി വന്നത്.
അന്ന് വിജയത്തിന് ശേഷം ഡ്രെസിംഗ് റൂമിൽ കുമാർ സംഗക്കാരയുടെയും സഞ്ജുവിന്റെയും നേതൃത്വത്തിൽ സന്ദീപ് ശർമയെ അഭിനന്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ താരം ഇൻസ്റ്റയിൽ പങ്കുവെച്ചു. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകൾ നിറഞ്ഞത്. ഇന്ത്യക്ക് വേണ്ടി നിങ്ങൾക്ക് ഒരിക്കലും കളിക്കാൻ ആവില്ലെന്നും എന്നും ആഭ്യന്തര ക്രിക്കറ്റിൽ തന്നെ കളിക്കാമെന്നും ഒക്കെയായിരുന്നു കമന്റുകൾ. ഒരു മോശം പന്ത് എറിഞ്ഞിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു.
ധോണിക്ക് മുന്നിൽ നിങ്ങൾ ഒന്നമല്ല എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു. ഇപ്പോള്‍ അവസാന പന്തില്‍ നോ ബോള്‍ എറിഞ്ഞ് തോല്‍വി വഴങ്ങിയതോടെ എത്ര കിട്ടി, എത്ര വാങ്ങിച്ചു എന്നൊക്കെയാണ് സന്ദീപിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍. അവസാന ഓവറിലെ അവസാന പന്ത് വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ചീട്ടുകീറി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം കുറിച്ചത്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ കിടിലൻ വിജയമാണ് നേടിയെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്‍ലര്‍ - സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാജസ്ഥാന്‍റെ അടിക്ക് അഭിഷേക് ശര്‍മ (55), രാഹുല്‍ ത്രിപാഠി (47), എന്നിവരിലൂടെയാണ് സണ്‍റൈസേഴ്സ് മറുപടി നൽകിയത്. റോയല്‍സിനായി ചഹാല്‍ നാല് വിക്കറ്റുകള്‍ പേരിലാക്കി.