ഷമി വിക്കറ്റെടുത്ത് തുടങ്ങി! തകര്‍ത്തടിച്ച് ഗുര്‍ബാസ്; ചൂടുപിടിച്ച് കൊല്‍ക്കത്ത- ഗുജറാത്ത് മത്സരം
മൂന്നാം ഓവറിലാണ് ജഗദീഷന്‍ മടങ്ങന്നത്. ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 66 എന്ന നിലയിലാണ്. റഹ്‌മാനുള്ള ഗുര്‍ബാസ് (43), വെങ്കടേഷ് അയ്യര്‍ (4) എന്നിവരാണ് ക്രീസില്‍. നാരാണ്‍ ജഗദീഷന്‍ (19), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് രണ്ട് വിക്കറ്റുകളും. നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു.
മൂന്നാം ഓവറിലാണ് ജഗദീഷന്‍ മടങ്ങന്നത്. ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. സ്ഥാനക്കയറ്റം നേടിയെത്തിയ ഷാര്‍ദുലിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഷമിയെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ മോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി. മഴയെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്.
ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജേസണ്‍ റോയ്ക്ക് പകരം ഗുര്‍ബാസ് ടീമിലെത്തി. ഉമേഷ് യാദവിന് പകരം ഹര്‍ഷിത് റാണയേയും ടീമിലെത്തിച്ചു. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: എന്‍ ജഗദീഷന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.