ജയിച്ച ടീമിന്റെ ക്യാപ്റ്റൻ, എന്നിട്ടും സമാധാനമില്ല; 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു...'; രാഹുലിനെ വിടാതെ ആരാധകർ
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്നൗവിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ 12-ാം ഓവർ വരെ നായകൻ പിടിച്ചുനിന്നു. എന്നാൽ, തീരെ ഫോമിലല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിംഗ്
ബംഗളൂരു: ആർസിബിക്കെതിരെ അവസാന ഓവർ ത്രില്ലറിൽ വിജയിച്ച് കയറിയിട്ടും ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനെ വിമർശനങ്ങൾ കൊണ്ട് മൂടി ആരാധകർ. താരത്തിന്റെ മെല്ലെപോക്കാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ 90 പ്രഹരശേഷിയിലാണോ ടീമിന്റെ നായകൻ കളിക്കേണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. 20 പന്തിൽ 18 റൺസ് മാത്രമാണ് ഇന്നലെ രാഹുലിന് നേടാൻ സാധിച്ചത്.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്നൗവിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ 12-ാം ഓവർ വരെ നായകൻ പിടിച്ചുനിന്നു. എന്നാൽ, തീരെ ഫോമിലല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിംഗ്. കെ എൽ രാഹുൽ കൂടുതൽ ഓവറുകളിൽ നിന്നിരുന്നെങ്കിൽ ടീം തോറ്റേനെയെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.
തുടക്കത്തില്‍ 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗിലായിരുന്നു മത്സരത്തിലേക്ക് ലഖ്‌നൗവിന്‍റെ തിരിച്ചുവരവ്. 19-ാം ഓവറിലെ നാലാം പന്തില്‍ ബദോനിയും അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡും(1) അഞ്ചാം പന്തില്‍ ജയ്‌ദേവ് ഉനദ്‌കട്ടും(9) പുറത്തായിട്ടും ബൈ റണ്ണിന്‍റെ ആനുകൂല്യത്തില്‍ ലഖ്‌നൗ ഒരു വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.