ന്യൂജെൻ രഹാനെയുടെ ആറാട്ട്; ഈഡനിൽ ആകാശ വിസ്മയം, സിക്സർ മഴ; കെകെആറിന്റെ ഹൃദയം തകർത്ത് ചെന്നൈക്ക് കൂറ്റൻ സ്കോർ
തുടക്കം മുതൽ തകർത്തടിച്ച സിഎസ്കെ കൊൽക്കത്തൻ ബൗളർമാരെ തലങ്ങൂം വിലങ്ങും പായിച്ചു. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ പാറിപ്പറന്ന മഞ്ഞ കൊടികൾക്ക് മുന്നിൽ ആളപ്പടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസാണ് കുറിച്ചത്. തുടക്കം മുതൽ തകർത്തടിച്ച സിഎസ്കെ കൊൽക്കത്തൻ ബൗളർമാരെ തലങ്ങൂം വിലങ്ങും പായിച്ചു. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി.
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ഒരു ദയയും ഇല്ലാതെയാണ് കൊൽക്കത്തൻ ബൗളർമാരെ പ്രഹരിച്ചത്. ഏഴാമത്തെ ഓവറിൽ 35 റൺസെടുത്ത റുതുരാജ് ഗെയ്കവാദിനെ സുയാഷ് ശർമ്മ വീഴ്ത്തിയപ്പോൾ ഈഡൻ ഒന്ന് ആശ്വസിച്ചു. എന്നാൽ, ന്യൂജെൻ രഹാനെ കെകെആറിന് തലവേദനയുണ്ടാക്കി. ഡെവോൺ കോൺവെയെ വരുൺ ചക്രവർത്തി പുറത്താക്കിയതോടെ എത്തിയ ശിവം ദുബെ വന്നത് മുതൽ അടി തുടങ്ങി. 24 പന്തിൽ രഹാനെ അർധ സെഞ്ചുറിയിലേക്കെത്തി.
ശിവം ദുബെയ്ക്ക് 50ൽ എത്താൻ 20 പന്തുകൾ മാത്രം മതിയായിരുന്നു. പിന്നാലെ കെജ്‍രോലിയക്ക് വിക്കറ്റ് നൽകി ദുബെ മടങ്ങി. അവസാന ഓവറുകളിൽ രഹാനെയും രവീന്ദ്ര ജഡേജയും തകർത്തടിച്ചു. ജഡേജ പുറത്തായതോടെ അവസാന രണ്ട് പന്തുകൾ കളിക്കാൻ ആരവങ്ങൾക്ക് നടുവിൽ ധോണിയെത്തി. പക്ഷേ, ഒരു ഫ്രീഹിറ്റ് മുതലാക്കാൻ താരത്തിന് സാധിച്ചില്ല. അവസാന പന്തിൽ ഡബിൾ ഓടിയെടുത്ത് ധോണിയും രഹാനെയും ടീം സ്കോർ 235ൽ എത്തിച്ചു.
കൊൽക്കത്ത: N Jagadeesan(w), Jason Roy, Nitish Rana(c), Andre Russell, Rinku Singh, Sunil Narine, David Wiese, Kulwant Khejroliya, Suyash Sharma, Umesh Yadav, Varun Chakaravarthy
ചെന്നൈ: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana