പേര് പോക്കറ്റ് ഡൈനാമോ! ഒന്നും നോക്കാതെ പൊട്ടിച്ചത് 15 കോടി; നനഞ്ഞ പടക്കം പോലെ ചീറ്റി, മലയാളി താരത്തിന് അവസരം?
കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും മോശം ഫോം തുടരുന്ന ഇഷാൻ കിഷനെ കടന്നാക്രമിച്ച് ട്രോളന്മാരും ആരാധകരും. 15.25 കോടി മുടക്കി ടീമിലെത്തിച്ചത് ഇതിനാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കിഷന് പകരം വിഷ്ണു വിനോദിന് അവസരം കൊടുക്കണമെന്ന് ആവശ്യം ഉയര്‍ത്തുന്നവരുടെ എണ്ണം ഏറുകയാണ്. ഈ സീസണില്‍ കളിച്ച ഏഴ് കളികളില്‍ ഒരേയൊരു അര്‍ധ സെഞ്ചുറി മാത്രമാണ് കിഷന്‍റെ പേരിലുള്ളത്.
കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍. സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 13 പന്തില്‍ 10, ചെന്നൈ സൂപ്പര്‍ കിംഗ്സനെതിരെ 21 പന്തില്‍ 32, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ 31, പഞ്ചാബ് കിംഗ്സിനെതിരെ നാലു പന്തില്‍ ഒന്ന്, ഇന്നലെ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഗുജറാത്തിനെതിരെ 21 പന്തില്‍ 13 എന്നിങ്ങനെയാണ് കിഷന്‍റെ മറ്റ് പ്രകടനങ്ങള്‍.
വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ പോലും അതിവേഗം സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കാതെ പന്തുകള്‍ പാഴാക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഐപിഎല്ലിലെ ഈ കളി കൊണ്ട് ടെസ്റ്റ് ടീമില്‍ ഇടം നേടാൻ ശ്രമിക്കുകയാണോ താരമെന്നാണ് ഒരു പടി കൂടെ കടന്ന് ആരാധകര്‍ ചോദിക്കുന്നത്. 2022 മുതല്‍ ഇഷാന്‍റെ ട്വന്‍റി 20 കണക്കുകളും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 43 ഇന്നിംഗ്സുകളില്‍ നിന്നായി 1141 റണ്‍സ് മാത്രമാണ് താരം നേടിയിട്ടുള്ളത്.
27.16 മാത്രമാണ് ആവറേജ്. 121.7 പ്രഹരശേഷിയുമുണ്ട്. മുംബൈയുടെ കിരീട വിജയത്തില്‍ നിര്‍ണായക സ്വാധീനമാകാൻ സാധിച്ചതിന് പിന്നാലെയാണ് വമ്പൻ തുക താരത്തിനായി ടീം മുടക്കിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് വേണ്ടി ശ്രമം പോലും നടത്താതെ അടുത്ത ഐക്കണ്‍ താരമാക്കുക എന്ന ലക്ഷ്യം കൂടെ കണ്ടിട്ടാണ് ഇഷാനായി കോടികള്‍ വാരിയെറിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഈ നീക്കം തിരിച്ചടിച്ചിരിക്കുകയാണ്. എന്തായാലും താരം മോശം പ്രകടനം തുടരുന്നതോടെ മലയാളി താരം വിഷ്ണു വിനോദിന് അവസരമൊരുങ്ങിയേക്കും.