സിക്സ് അടിയുടെ പവര്‍ എവിടെ നിന്ന് വരുന്നു; ആ രഹസ്യം പുറത്ത് വിട്ട് ഇഷാൻ, എല്ലാ ക്രെഡിറ്റും ഒരാള്‍ക്ക് മാത്രം!
തന്റെ പവർ ഹിറ്റിംഗ് കഴിവുകൾ വളർത്തിയെടുക്കാൻ ഒരു ഗെയിമിനിടെ വർക്ക് ഔട്ട് ചെയ്യേണ്ടി വന്നാലും തനിക്ക് പ്രശ്‌നമില്ലെന്നാണ് മത്സരശേഷം ഇഷാൻ പറഞ്ഞത്.
മൊഹാലി: പഞ്ചാബ് കിംഗ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്‍റെ കിടിലൻ ചേസില്‍ നെടുംതൂണായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷന്‍റെ പോരാട്ടമാണ്. തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്ന ഇഷാന്‍റെ വെടിക്കെട്ട് തന്നെയായിരുന്നു മൊഹാലിയില്‍. 41 പന്തിൽ 75 റണ്‍സ് പേരില്‍ കുറിച്ച ഇഷാൻ പ്ലെയര്‍ പുരസ്കാരവും നേടിയാണ് പഞ്ചാബ് വിട്ടത്. സൂര്യകുമാര്‍ യാദവിനൊപ്പം ഇഷാൻ പടുത്തുയര്‍ത്തിയ 116 റണ്‍സ് സഖ്യമാണ് മുംബൈ വിജയത്തിലെത്തിച്ചത്.
തന്റെ പവർ ഹിറ്റിംഗ് കഴിവുകൾ വളർത്തിയെടുക്കാൻ ഒരു ഗെയിമിനിടെ വർക്ക് ഔട്ട് ചെയ്യേണ്ടി വന്നാലും തനിക്ക് പ്രശ്‌നമില്ലെന്നാണ് മത്സരശേഷം ഇഷാൻ പറഞ്ഞത്. യുവതാരങ്ങള്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യം ടീമിലെ മുതിർന്ന താരങ്ങളിൽ നിന്ന് പഠിക്കുന്നുണ്ടെന്നും ഇഷാൻ പറഞ്ഞു. മാതൃക കാട്ടിയ ഒരുപാട് മുതിര്‍ന്ന താരങ്ങളുണ്ട്. ഇതിനൊപ്പം തന്നെ വീട്ടിൽ എന്താണ് കഴിക്കുന്നത് എന്നതും പ്രധാനമാണ്. അതിന്റെ ക്രെഡിറ്റ് മുഴുവൻ തന്‍റെ അമ്മയ്ക്കാണെന്നും ഇഷാൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കിയാണ് മുംബൈ ഇന്ത്യൻസ് വിജയം കുറിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു. പഞ്ചാബിനായി നഥാൻ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്കോറിലേക്ക് എത്തിയത്. കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായി ഇറങ്ങിയ മുംബൈക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ നായകൻ രോഹിത് ശര്‍മ തിരികെ കയറി. കാമറൂണ്‍ ഗ്രീനും വൈകാതെ മടങ്ങിയതോടെയാണ് നിര്‍ണായകമായ ഇഷാൻ - സൂര്യ സഖ്യം കളി വരുതിയിലാക്കിയത്.