ഒരു രക്ഷയുമില്ല! നല്ല കിടിലൻ മത്സരങ്ങള്‍ ഇന്ന്, എൽ ക്ലാസിക്കോ ചെപ്പോക്കിൽ; ആർസിബിക്ക് എതിര് ക്യാപിറ്റൽസ്
മുംബൈയിലെ വാംഖഡെയില്‍ നടന്ന കളിയിൽ ചെന്നൈ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇത് തുടരാൻ ചെന്നൈ ഇറങ്ങുമ്പോള്‍ കണക്ക് തീര്‍ക്കുകയാണ് മുംബൈയുടെ ലക്ഷ്യം.
ചെന്നൈ: ആരാധകര്‍ക്ക് വിരുന്നൊരുക്കി ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന വമ്പൻ പോരാട്ടം ഇന്ന്. ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ചെന്നൈയുടെ മൈതാനത്ത് മൂന്നരയ്ക്കാണ് മത്സരം. മുംബൈയിലെ വാംഖഡെയില്‍ നടന്ന കളിയിൽ ചെന്നൈ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇത് തുടരാൻ ചെന്നൈ ഇറങ്ങുമ്പോള്‍ കണക്ക് തീര്‍ക്കുകയാണ് മുംബൈയുടെ ലക്ഷ്യം.
നിലവിൽ ലീഗിൽ ചെന്നൈ മൂന്നാമതും മുംബൈ ആറാം സ്ഥാനത്തുമാണ്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഡൽഹിയുടെ മൈതാനത്താണ് മത്സരം. കരുത്തരായ ഗുജറാത്തിനെ അട്ടിമറിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗവിനെതിരെ കയാങ്കളിയോളമെത്തിയ മത്സരം ജയിച്ചെത്തുന്ന റോയൽ ചലഞ്ചേഴ്സ് കുതിപ്പ് തുടരാമെന്നുള്ള പ്രതീക്ഷയിലാണ്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 23 റണ്‍സിന് ബാംഗ്ലൂര്‍ ജയിച്ചിരുന്നു. ഡൽഹിയിലും അതാവര്‍ത്തികയാണ് ലക്ഷ്യം. കോലി - ഡുപ്ലസി - മാക്സ്‍വെൽ ത്രയത്തിനപ്പുറത്തേക്ക് ബാറ്റിംഗ് നിരയില്ലാത്തതാണ് ബാംഗ്ലൂരിന്റെ പ്രശ്നം. പരിചയ സമ്പന്നനായ കേദാര്‍ ജാഥവ് എത്തുന്നതോടെ മധ്യനിരയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കാണാനാവുമെന്നാണ് ആര്‍സിബി മാനേജ്മെന്റിന്റെ പ്രതീക്ഷ.
മുഹമ്മദ് സിറാജിനൊപ്പം ജോഷ് ഹേസൽവുഡ് കൂടി ചേര്‍ന്നതോടെ ബൗളിംഗ് കുറച്ച് കൂടി ശക്തമായി. ബാറ്റിംഗ് നിര ഇനിയും താളം കണ്ടെത്താത്തതാണ് ഡൽഹിയുടെ പ്രശ്നം. ക്യാപ്റ്റനായത് കൊണ്ട് മാത്രം ടീമിൽ സ്ഥാനം പിടിക്കുകയാണ് ഡേവിഡ് വാര്‍ണര്‍ പോലും. ബൗളിംഗ് നിരയുടെ മികച്ച പ്രകടനമാണ് മൂന്ന് കളികളിൽ ജയം സമ്മാനിച്ചത്. ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് കരകയറാനായിരിക്കും ഡൽഹി ലക്ഷ്യമിടുന്നത്.