ഞാനൊന്നും സ്വപ്‌നം കാണുന്നില്ല! ഇന്ത്യന്‍ ടീം പ്രവേശനത്തെ കുറിച്ച് റിങ്കു സിംഗ്
ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനമുണ്ട് റിങ്കുവിന്. 14 മത്സരങ്ങളില്‍ 59.25 ശരാശരിയില്‍ 474 റണ്‍സാണ് സമ്പാദ്യം. 149.53 സ്‌ട്രൈക്ക് റേറ്റും. ഇതിനോടകം പലരും റിങ്കുവിനെ ദേശീയ ടീമിലെടുക്കണമെന്ന് വാദിക്കുന്നുണ്ട്.
കൊല്‍ക്കത്ത: ഈ സീസണ്‍ ഐപിഎല്ലില്‍ നേട്ടമുണ്ടാക്കിയ ഒരു താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിംഗാണ്. ഇന്നലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടീമിനെ വിജയത്തിനടുത്തെത്തിക്കാന്‍ റിങ്കുവിനായിരുന്നു. 177 റണ്‍സ് വിജയലക്ഷ്യം പന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനായി. 33 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന റിങ്കുവാണ് ടീമിനെ വിജയത്തിനടുത്തെത്തിച്ചത്. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ മൂന്ന് 18 റണ്‍സ് വേണമെന്നിരിക്കെ രണ്ട് സിക്‌സും ഒരു ഫോറും നേടാന്‍ റിങ്കുവിനായി.
ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനമുണ്ട് റിങ്കുവിന്. 14 മത്സരങ്ങളില്‍ 59.25 ശരാശരിയില്‍ 474 റണ്‍സാണ് സമ്പാദ്യം. 149.53 സ്‌ട്രൈക്ക് റേറ്റും. ഇതിനോടകം പലരും റിങ്കുവിനെ ദേശീയ ടീമിലെടുക്കണമെന്ന് വാദിക്കുന്നുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് റിങ്കു. ''സീസണില്‍ ഇത്തരത്തിലൊരു പ്രകടനം നടത്താന്‍ സാധിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനെ കുറിച്ചൊന്നു ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ തിരിച്ച് നാട്ടിലേക്ക് തിരിക്കും. കഠിനമായ പരിശീലനം നടത്തും. എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. അന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് സിക്‌സുകള്‍ നേടിയ ശേഷം എന്നെ ഒരുപാട് പേര്‍ ബഹുമാനിക്കുന്നു. കുറെ പേര്‍ തിരിച്ചറിയുന്നു. അതില്‍ ഒരുപാട് സന്തോഷം.'' റിങ്കു പറഞ്ഞു.
ഇന്നലെ ലഖ്‌നൗവിനെതിരെ കൊല്‍ക്കത്ത ഒരു റണ്ണിന് തോറ്റിട്ടും റിങ്കുവിന്റെ പ്രകടനത്തെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഴ്ത്തിയിരുന്നു. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആവേശത്തില്‍ പോലും ലഖ്‌നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യക്ക് റിങ്കുവിനെ ചേര്‍ത്തു പിടിക്കാതിരിക്കാനായില്ല.
ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരെന്ന ചോദ്യത്തിന് റിങ്കു സിംഗ് എന്ന ഒറ്റ ഉത്തരമെ ഉള്ളൂവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ മത്സരശേഷം പറഞ്ഞു. റിങ്കു ഓരോ പന്ത് നേരിടുമ്പോഴും ഞങ്ങളുടെ ചങ്കില്‍ തീയായിരുന്നു എന്നായിരുന്നു ലഖ്‌നൗ താരം രവി ബിഷ്‌ണോയി മത്സരശേഷം പറഞ്ഞത്. ഇത്തരമൊരു ബാറ്റിംഗ് താന്‍ കണ്ടിട്ടില്ലെന്നും അവിശ്വസനീയമായിരുന്നു റിങ്കുവിന്റെ പ്രകടനമെന്നും ലഖ്‌നൗവിനായി രണ്ട് വിക്കറ്റുമായി തിളങ്ങിയ ബിഷ്‌ണോയ് പറഞ്ഞു.