30 മുതല്‍ 50 കോടി വരെ! ഇംഗ്ലണ്ട് താരങ്ങൾക്ക് സ്വപ്‌ന ഓഫറുകളുമായി ഐപിഎല്‍ ടീമുകള്‍- റിപ്പോര്‍ട്ട്
ന്യൂസിലൻഡ് താരം ട്രന്‍റ് ബോൾട്ട് ദേശീയ ടീമിന്‍റെ വാര്‍ഷിക കരാര്‍ വേണ്ടെന്ന് വച്ച് വിവിധ ട്വന്‍റി 20 ലീഗുകളിൽ
കളിക്കുകയാണ്
മുംബൈ: ദേശീയ ടീമുമായുള്ള കരാര്‍ ഒഴിവാക്കി ട്വന്‍റി 20 ലീഗുകളുടെ ഭാഗമാകാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് കോടികളുടെ വാഗ്‌ദാനവുമായി ഐപിഎൽ ഫ്രാഞ്ചൈസികൾ. മുപ്പത് മുതൽ 50 കോടി വരെയാണ് വാഗ്‌ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്ക് അപ്പറുത്തേക്കും ഐപിഎൽ ഫ്രാഞ്ചൈസികളെല്ലാം വളര്‍ന്ന് കഴിഞ്ഞു. വിൻഡീസിലേയും ദക്ഷിണാഫ്രിക്കയിലേയും യുഎഇയിലേയും യുഎസിലേയും ട്വന്‍റി 20 ലീഗുകളിലെല്ലാം ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഇപ്പോൾ ടീമുകളുണ്ട്. ഈ ലീഗുകളില്ലെല്ലാം മികച്ച കളിക്കാരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് വാര്‍ഷിക കരാര്‍ എന്ന ഓഫര്‍ ചില ഫ്രാഞ്ചൈസികൾ വച്ചിരിക്കുന്നത്. ആറ് ഇംഗ്ലീഷ് താരങ്ങളുമായി പ്രാഥമിക ചര്‍ച്ചകൾ നടന്ന് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് മുപ്പത് മുതൽ 50 കോടി വരെയാണ് ഒരു വര്‍ഷത്തേക്കുള്ള വാഗ്ദാനം. എന്നാൽ ഏതൊക്കെ താരങ്ങളെയാണ് സമീപിച്ചതെന്നും ആരൊക്കെ സമ്മതം മൂളി എന്നൊന്നും വ്യക്തമല്ല.
ന്യൂസിലൻഡ് താരം ട്രന്‍റ് ബോൾട്ട് ദേശീയ ടീമിന്‍റെ വാര്‍ഷിക കരാര്‍ വേണ്ടെന്ന് വച്ച് വിവിധ ട്വന്‍റി 20 ലീഗുകളിൽ
കളിക്കുകയാണ്. ഈ മാതൃക പിന്തുടരാൻ കൂടുതൽ താരങ്ങൾ തീരുമാനിച്ചാൽ ഫുട്ബോളിലെ പോലെ ഫ്രാഞ്ചൈസികൾ നിയന്ത്രിക്കുന്ന ക്രിക്കറ്റ് സംസ്‌കാരത്തിനായിരിക്കും ഇനി നമ്മൾ സാക്ഷ്യം വഹിക്കുക.
അതേസമയം ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഇറങ്ങും. മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബിന്‍റെ മൈതാനത്താണ് മത്സരം. ലഖ്‌നൗവിന്‍റെ തട്ടകത്തിൽ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിന് മുമ്പ് പഞ്ചാബ് ജയിച്ചിരുന്നു. മൊഹാലിയിൽ അതിന് പകരം വീട്ടാൻ ലഖ്‌നൗ എത്തുമ്പോൾ ജയം തുടരുകയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ലക്ഷ്യം. വാശിയേറിയ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Read more: ന്യൂസിലന്‍ഡിനെതിരെ ചരിത്ര വിജയം; പാക് ടീം ഇന്ത്യക്കും ഓസീസിനുമൊപ്പം എലൈറ്റ് പട്ടികയില്‍