ഗില്ലിന്‍റെ ഫോം, മനസില്‍ ലഡ്ഡു പൊട്ടിയത് എതിര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക്; കാരണമുണ്ട്
ടൈറ്റന്‍സിനെതിരായ ഫൈനലില്‍ അവസാന നിമിഷം പരിക്കേറ്റ് ഇഷാന്‍ കിഷന് കളിക്കാവാതെ വന്നത് തിരിച്ചടിയായി എന്നും ഹിറ്റ്‌മാന്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മൂന്ന് സെഞ്ചുറികളുമായി ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലിലെത്തിച്ച ശുഭ്‌മാന്‍ ഗില്ലിനുള്ള അഭിനന്ദനം മറച്ചുവെക്കാതെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. രണ്ടാം ക്വാളിഫയറില്‍ രോഹിത്തിന്‍റെ മുംബൈയെ 62 റണ്‍സിന് മലര്‍ത്തിയടിച്ചാണ് ഗില്ലിന്‍റെ ടൈറ്റന്‍സ് ഫൈനലിലെത്തിയത്. സെഞ്ചുറി വീരന്‍ ഗില്ലിനെ മൈതാനത്ത് വച്ച് തോളില്‍ തട്ടി അഭിനന്ദിച്ച രോഹിത് ശര്‍മ്മ മത്സര ശേഷവും യുവ താരത്തിനുള്ള പ്രശംസയില്‍ തെല്ലും കുറവ് വരുത്തിയില്ല.
'ശുഭ്‌മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്‌തു, വിക്കറ്റ് ബാറ്റ് ചെയ്യാന്‍ നല്ലതായിരുന്നു. ടൈറ്റന്‍സ് 20-25 റണ്‍സ് അധികം നേടി. ശുഭ്‌മാന്‍ ഗില്ലിന് എല്ലാ ക്രഡിറ്റും നല്‍കണം. അദേഹം ഈ ഫോം തുടരും എന്നാണ് പ്രതീക്ഷ' എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കുന്നത് മനസില്‍ കണ്ടാണ് രോഹിത്തിന്‍റെ ഈ വാക്കുകള്‍. ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടക്കുന്ന ഫൈനലില്‍ രോഹിത്-ഗില്‍ സഖ്യമാണ് ടീം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഈ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും പിന്നാലെ ഐപിഎല്ലിലും തുടരുന്ന ഫോം ഓസീസിന് എതിരായ ഫൈനലില്‍ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ. ജൂണ്‍ ഏഴാം തിയതിയാണ് ഓവലില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര് തുടങ്ങുക.
ടൈറ്റന്‍സിനെതിരായ ഫൈനലില്‍ അവസാന നിമിഷം പരിക്കേറ്റ് ഇഷാന്‍ കിഷന് കളിക്കാവാതെ വന്നത് തിരിച്ചടിയായി എന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ വ്യക്തമാക്കി. 'ടൈറ്റന്‍സിനോട് തോറ്റപ്പോഴും സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും നന്നായി ബാറ്റ് ചെയ്‌തു. ഗില്ലിനെ പോലെ അവസാനം വരെ നില്‍ക്കാന്‍ ഒരു ബാറ്റര്‍ വേണമായിരുന്നു. ഈ സീസണിലെ ബാറ്റിംഗ് അടുത്ത എഡിഷനിലേക്ക് കരുത്ത് പകരും' എന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 18.2 ഓവറില്‍ 171 റണ്‍സില്‍ പുറത്തായി 62 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു.
Read more: കോലിയുടെ ട്വന്‍റി 20 ഭാവി; കിംഗിനെ വിരമിപ്പിക്കാന്‍ കാത്തിരിക്കുന്നവരുടെ വായടപ്പിച്ച് ഗാവസ്‌കര്‍