ഗുജറാത്തിനെതിരെ മുംബൈ ജയിക്കല്ലേ...മുട്ടിപ്പായി പ്രാര്‍ഥിച്ച് രാജസ്ഥാന്‍ റോയല്‍സ്!
11 കളിയിൽ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ വെള്ളിയാഴ്‌ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പടെയുള്ള ടീമുകള്‍ക്ക് പോയിന്‍റ് പട്ടികയില്‍ നിര്‍ണായകം. ഇന്ന് വിജയിച്ചാല്‍ ഔദ്യോഗികമായി ടൈറ്റന്‍സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. നിലവിലെ ചാമ്പ്യന്‍മാരാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. അതേസമയം മുംബൈ ഇന്ത്യന്‍സാണ് ജയിക്കുന്നതെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് കനത്ത പ്രഹരമാകും.
11 കളിയിൽ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സീസണിൽ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ഏക ടീമും ഗുജറാത്താണ്. 11 കളിയിൽ 15 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടും 12 പോയിന്‍റ് വീതമുള്ള രാജസ്ഥാൻ റോയല്‍സ് മൂന്നും മുംബൈ ഇന്ത്യന്‍സ് നാലും സ്ഥാനത്ത് നില്‍ക്കുന്നു. 11 പോയിന്‍റുള്ള ലഖ്‌നൗ ആണ് അഞ്ചാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകൾക്ക് പത്ത് പോയിന്‍റ് വീതമാണുള്ളത്. 8 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒൻപതും ഡൽഹി ക്യാപിറ്റല്‍സ് പത്തും സ്ഥാനത്താണ്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മുംബൈ ഇന്ത്യസ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ച് പ്ലേ ഓഫിലെ സ്ഥാനം ആധികാരികമാക്കുകയാണ് മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റൺവരൾച്ച ആശങ്കയായി തുടരുന്നതിനൊപ്പം ജസ്‌പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആർച്ചർ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞതും ടീമിന് ആശങ്കയാണ്. എന്നാല്‍ ബൗളിംഗിലും ബാറ്റിംഗിലും സന്തുലിതമായ ടൈറ്റന്‍സിന് തന്നെയാണ് മുന്‍തൂക്കം. ബാറ്റിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനും തകര്‍പ്പന്‍ ഫോമിലാണ്.
Read more: കളി പഠിച്ച കളരിയില്‍ ഹാര്‍ദിക് പാണ്ഡ്യ; ഇന്ന് വാംഖഡെ നിന്ന് കത്തും, മുംബൈക്ക് ജീവന്‍മരണ പോരാട്ടം