ഐപിഎല്ലിലെ ധോണിയുടെ ഭാവി; ക്ലാസിക്ക് മറുപടിയുമായി ശിവം ദുബെ

ധോണിയുടെ കാര്യത്തില്‍ തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരം ശിവം ദുബെ

IPL 2023 we need him Shivam Dube on availability of MS Dhoni in next season jje

ചെന്നൈ: ഇനിയൊരു ഐപിഎല്‍ സീസണ്‍ കൂടി ക്യാപ്റ്റന്‍-ബാറ്റിംഗ് ഇതിഹാസം എം എസ് ധോണിക്കുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. 42-ാം വയസിലേക്ക് കടക്കുന്ന ധോണി ഐപിഎല്‍ പതിനാറാം സീസണോടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് അവസാനിപ്പിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സീസണ്‍ അവസാനിച്ചെങ്കിലും ധോണി ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ധോണിയുടെ കാര്യത്തില്‍ തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരം ശിവം ദുബെ. 

'എങ്ങനെ കളിക്കണം എന്ന കാര്യത്തില്‍ മഹി ഭായി(എം എസ് ധോണി) എനിക്ക് വ്യക്തത തന്നിരുന്നു. എന്താണ് എന്‍റെ ചുമതല എന്ന് ധോണി പറ‌‌ഞ്ഞുതന്നിരുന്നു. നേരത്തെ പുറത്തായാലും പ്രശ്‌നമില്ല, എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നായിരുന്നു ധോണിയുടെ വാക്കുകള്‍. ഇതായിരുന്നു അദേഹം പറഞ്ഞതിന്‍റെ രത്നച്ചുരുക്കം. അടുത്ത വര്‍ഷം ധോണി ഐപിഎല്ലില്‍ കളിക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ധോണിയെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. കാരണം ധോണിക്ക് കീഴില്‍ എനിക്ക് വളരാന്‍ കഴിയും' എന്നുമാണ് ദ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് ശുവം ദുബെയുടെ വാക്കുകള്‍. പതിനാറാം സീസണിലെ 14 ഇന്നിംഗ്‌സുകളില്‍ 38.00 ശരാശരിയിലും 158.33 സ്‌ട്രൈക്ക് റേറ്റിലും 418 റണ്‍സ് ദുബെ സ്വന്തമാക്കിയിരുന്നു. 35 സിക്‌സാണ് സീസണില്‍ താരം അടിച്ചുകൂട്ടിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളില്‍ 36 എണ്ണമുള്ള ഫാഫ് ഡുപ്ലസിസിന് പിന്നില്‍ രണ്ടാമനാണ് ശിവം ദുബെ. 

ഐപിഎല്‍ 2023 ഫൈനലില്‍ എം എസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ചാം കിരീടം നേടിയിരുന്നു. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തുകളില്‍ രവീന്ദ്ര ജഡേജയുടെ സിക്‌സറും ഫോറുമായി 5 വിക്കറ്റ് നഷ്‌ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി. ഫൈനലില്‍ രണ്ട് സിക്‌സടക്കം ദുബെ 21 പന്തില്‍ 32* റണ്‍സുമായി പുറത്താവാതെ നിന്നു. 

Read more: ആശാന്‍മാരായി കോലിയും അശ്വിനും; ഇന്ത്യന്‍ ടീമിനൊപ്പം യശസ്വി ജയ്‌സ്വാളിന്‍റെ ആദ്യ നെറ്റ് സെഷന്‍ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios