ഇതിഹാസം രചിച്ച് സച്ചിന്‍ ജൂനിയര്‍; അര്‍ജുന് മുംബൈയുടെ തൊപ്പി കൈമാറി ഹിറ്റ്‌മാന്‍- വീഡിയോ
മുംബൈയുടെ സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റ ക്യാപ് കൈമാറിയത്
മുംബൈ: ആ കാത്തിരിപ്പ് അവസാനിച്ചു, ഐപിഎല്ലില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറി. പിതാവ് ഐപിഎല്‍ കരിയറിലുടനീളം കളിച്ച അതേ മുംബൈ ഇന്ത്യന്‍സിന്‍റെ കുപ്പായത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയായിരുന്നു അര്‍ജുന്‍റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ എറിയാന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ക്ഷണിക്കുകയും ചെയ്‌തു.
മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് മുമ്പ് മുംബൈയുടെ സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റ ക്യാപ് കൈമാറിയത്. ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡ്വെയ്‌ന്‍ യാന്‍സനും മത്സരത്തില്‍ മുംബൈ അരങ്ങേറ്റത്തിന് അവസരം നല്‍കി. തന്‍റെ ആദ്യ ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സൂര്യയുടെ വിശ്വാസം കാത്തു. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞപ്പോള്‍ 17 റണ്‍സാണ് ഇരുപത്തിമൂന്ന് വയസുകാരനായ അര്‍ജുന്‍ വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം ഇതോടെ സച്ചിനും അര്‍ജുനും സ്വന്തമാക്കി. മത്സരത്തിലെ മറ്റൊരു അരങ്ങേറ്റക്കാരനായ ഡ്വെയ്‌ന്‍ യാന്‍സന്‍ നാല് ഓവറില്‍ 53 റണ്ണിന് ഒരു വിക്കറ്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സനിന്‍റെ ഇരട്ട സഹോദരനാണ് ഡ്വെയ്‌ന്‍ യാന്‍സന്‍. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ ഇരട്ടകളാണ് യാന്‍സന്‍ സഹോദരങ്ങള്‍.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്തു. 49 പന്തില്‍ തന്‍റെ കന്നി ഐപിഎല്‍ ശതകം നേടിയ വെങ്കടേഷ് അയ്യര്‍ 51 ബോളില്‍ ആറ് ഫോറും ഒന്‍പത് സിക്‌സും സഹിതം 104 റണ്‍സെടുത്ത് പുറത്തായി. 11 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്ന ആന്ദ്രേ റസലാണ് കെകെആറിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ നിതീഷ് റാണ വ്യക്തിഗത സ്കോര്‍ 5ല്‍ നില്‍ക്കേ മടങ്ങി. മുംബൈക്കായി ഹൃത്വിക് ഷൊക്കീന്‍ രണ്ടും കാമറൂണ്‍ ഗ്രീനും പീയുഷ് ചൗളയും ഡ്വെയ്‌ന്‍ യാന്‍സനും റിലി മെരിഡത്തും ഓരോ വിക്കറ്റും പേരിലാക്കി.
Read more: ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും; റെക്കോര്‍ഡിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും സച്ചിനും