അമ്പത് 50+ സ്‌കോറുകള്‍; ചരിത്രമെഴുതി കിംഗ് കോലി, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ പേരിലുള്ളത് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്

IPL 2023 Virat Kohli becomes first Indian to register fifty 50 plus score in IPL jje

ബെംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് കൊണ്ട് ആറാടുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലി. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി കോലി മാറി. ഐപിഎല്ലില്‍ കോലിയുടെ അമ്പതാം 50+ സ്കോറാണ് മുംബൈ ടീമിനെതിരെ പിറന്നത്. ഇതില്‍ 45 അര്‍ധ സെഞ്ചുറികളും അഞ്ച് ശതകങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 50+ സ്കോറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോലി. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ പേരിലുള്ളത് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. വാര്‍ണര്‍ക്ക് 163 മത്സരങ്ങളില്‍ അറുപത് 50+ സ്കോറുകളുണ്ട്. ഇതില്‍ 56 അര്‍ധസെഞ്ചുറികളും നാല് സെഞ്ചുറികളും ഉള്‍പ്പെടുന്നു. രണ്ടാമതുള്ള വിരാട് കോലി 224 കളികളില്‍ 50 ഉം മൂന്നാമന്‍ ശിഖര്‍ ധവാന്‍ 207 മത്സരങ്ങളില്‍ 49 ഉം നാലാമതുള്ള എ ബി ഡിവില്ലിയേഴ്‌സ് 184 കളികളില്‍ 43 ഉം തവണയാണ് അമ്പതോ അതിലധികമോ സ്കോര്‍ കണ്ടെത്തിയത്. 228 കളികളില്‍ 41 തവണ 50+ സ്കോര്‍ നേടിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 

വിരാട് കോലി അര്‍ധസെഞ്ചുറി നേടിയ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ ആര്‍സിബി എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. വിരാട് കോലി-ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സുമായി ഒന്നാം വിക്കറ്റില്‍ ഗംഭീര തുടക്കമാണ് ടീമിന് നല്‍കിയത്. 43 പന്തില്‍ 73 റണ്‍സെടുത്ത ഫാഫിനെയും അക്കൗണ്ട് തുറക്കാതെ ഡികെയേയും പുറത്താക്കാനേ മുംബൈ ബൗളര്‍മാര്‍ക്കായുള്ളൂ. വിരാട് കോലിയും(49 പന്തില്‍ 82*), ഗ്ലെന്‍ മാക്‌സ്‌വെല്ലും(3 പന്തില്‍ 12*) പുറത്താകാതെ ആര്‍സിബിയെ 16.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം എത്തിച്ചു. 

ആര്‍സിബിക്കെതിരെ നേടിയത് ഒരു റണ്‍സ്; എന്നിട്ടും നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ്മ


 

Latest Videos
Follow Us:
Download App:
  • android
  • ios