നിരവധി സഹോദരങ്ങള്‍ കളിച്ച ഐപിഎല്‍; അവരിലെ ആദ്യ ഇരട്ടകളായി യാന്‍സന്‍മാര്‍, റെക്കോര്‍ഡ്
ഡ്വെയ്‌ന്‍ യാന്‍സന്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മത്സരം മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഒട്ടേറെ സഹോദരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഐപിഎല്ലിന്‍റെ കഴിഞ്ഞ 15 സീസണുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇരട്ടകള്‍ ആരും കളിച്ചിട്ടില്ല എന്നതാണ് കൗതുകം. എന്നാല്‍ അങ്ങനെയൊരു അപൂര്‍വ നിമിഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ പിറന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് സഹോദരന്‍മാരായ മാര്‍ക്കോ യാന്‍സനും ഡ്വെയ്‌ന്‍ യാന്‍സനുമാണ് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡ്വെയ്‌ന്‍ യാന്‍സന്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിച്ചതോടെയാണിത്. മാര്‍ക്കോ യാന്‍സന്‍ ഇതിനകം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്നു.
ഇര്‍ഫാന്‍ പത്താന്‍-യൂസഫ് പത്താന്‍, ഷോണ്‍ മാര്‍ഷ്-മിച്ചല്‍ മാര്‍ഷ്, മൈക്ക് ഹസി-ഡേവിഡ് ഹസി, ആല്‍ബി മോര്‍ക്കല്‍-മോണി മോര്‍ക്കല്‍, ബ്രണ്ടന്‍ മക്കല്ലം-നേഥന്‍ മക്കല്ലം, ഡ്വെയ്ന്‍ ബ്രാവോ-ഡാരന്‍ ബ്രാവോ, സിദ്ധാര്‍ഥ് കൗള്‍-ഉദയ് കൗള്‍, ഹാര്‍ദിക് പാണ്ഡ്യ-ക്രുനാല്‍ പാണ്ഡ്യ, സാം കറന്‍-ടോം കറന്‍, മാര്‍ക്കോ യാന്‍സന്‍-ഡ്വെയ്‌ന്‍ യാന്‍സന്‍ എന്നിവരാണ് ഐപിഎല്ലില്‍ ഇതുവരെ കളിച്ച സഹോദരങ്ങള്‍. ഇവരില്‍ യാന്‍സന്‍ സഹോദരങ്ങള്‍ മാത്രമേ ഇരട്ടകളായുള്ളൂ. മാര്‍ക്കോ യാന്‍സന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെയും ഡ്വെയ്‌ന്‍ യാന്‍സന്‍ മുംബൈ ഇന്ത്യന്‍സിന്‍റേയും താരമാണ്.
ഡ്വെയ്‌ന്‍ യാന്‍സന്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മത്സരം മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ സ്വന്തമാക്കി. 25 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സുമായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ മികച്ച തുടക്കം നല്‍കി. ഇംപാക്‌ട് പ്ലെയറായെത്തിയ രോഹിത് ശര്‍മ്മ പേരിലാക്കിയത് 13 പന്തില്‍ 20. തിലക് വര്‍മ്മ 25 പന്തില്‍ 30 നേടി. ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവ് 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 43 എടുത്ത് പുറത്തായപ്പോള്‍ ടിം ഡേവിഡ് 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 24* റണ്ണുമായി പുറത്താവാതെ നിന്നു. നേരത്തെ, 51 പന്തില്‍ ആറ് ഫോറും 9 സിക്‌സറും ഉള്‍പ്പടെ 104 റണ്‍സ് അടിച്ചുകൂട്ടിയ വെങ്കടേഷ് അയ്യരാണ് കെകെആറിനെ 20 ഓവറില്‍ 185-6 എന്ന മികച്ച സ്കോറിലെത്തിച്ചത്.
Read more: വീണ്ടും ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, താണ്ഡവമാടി ടിം ഡേവിഡ്; മുംബൈക്ക് രണ്ടാം ജയം