കോലിയുടെ ട്വന്‍റി 20 ഭാവി; കിംഗിനെ വിരമിപ്പിക്കാന്‍ കാത്തിരിക്കുന്നവരുടെ വായടപ്പിച്ച് ഗാവസ്‌കര്‍
ഐപിഎല്‍ 2023ല്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളോടെ 14 കളിയില്‍ 639 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോലി നേടിയത്
അഹമ്മദാബാദ്: ഈ വര്‍ഷം ഏകദിന ലോകകപ്പ്, അടുത്ത വര്‍ഷം ട്വന്‍റി 20 ലോകകപ്പ്. ഇന്ത്യന്‍ വൈറ്റ് ബോള്‍ പുരുഷ ക്രിക്കറ്റ് ടീമിന് മുന്നില്‍ രണ്ട് നിര്‍ണായക ടൂര്‍ണമെന്‍റുകളാണ് മുന്നിലുള്ളത്. ഇതില്‍ ഏകദിന ലോകകപ്പില്‍ വിരാട് കോലിയുണ്ടാകും എന്ന് ഉറപ്പാണെങ്കിലും 2024ലെ ടി20 ലോകകപ്പിന്‍റെ കാര്യത്തില്‍ ആരാധകര്‍ ഇതിനകം സംശയങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ, വിരാട് കോലി ഉള്‍പ്പടെയുള്ള പല സീനിയര്‍ താരങ്ങളും കുട്ടി ക്രിക്കറ്റിനോട് വിട പറയും എന്നാണ് പലരും കരുതുന്നത്. ഇത്തരം ചര്‍ച്ചകള്‍ ഇതിനകം സജീവമായിരിക്കേ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്റുമായ സുനില്‍ ഗാവസ്‌കര്‍.
ഐപിഎല്‍ 2023ല്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളോടെ 14 കളിയില്‍ 639 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോലി നേടിയത്. ബാറ്റിംഗ് ശരാശരി 53.25 എങ്കില്‍ പ്രഹരശേഷി 139.82. മുപ്പത്തിനാലാം വയസിലും തന്‍റെ ബാറ്റിംഗ് മികവ് എവിടേയും പോയിട്ടില്ല എന്നുറപ്പിച്ചാണ് കോലിയുടെ പ്രകടനം. രണ്ട് സെഞ്ചുറികള്‍ക്ക് പുറമെ ആറ് അര്‍ധസെഞ്ചുറികള്‍ സഹിതമാണ് കോലിയുടെ റണ്‍വേട്ട.
'2024ലാണ് അടുത്ത ട്വന്‍റി 20 ലോകകപ്പ്. അതിന് മുമ്പ് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ഐപിഎല്ലുണ്ട്. കോലിയുടെ ഫോം ആ സമയം നമുക്ക് പരിശോധിക്കാം. കോലിയുടെ രാജ്യാന്തര ടി20 ഭാവി സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ജൂണില്‍ ഇന്ത്യക്ക് ട്വന്‍റി 20 മത്സരമുണ്ട്. നിലവിലെ ഫോം വച്ച് കോലി എന്തായാലും ആ പരമ്പരയിലുണ്ടാകും. ഐപിഎല്ലിലെ ഫോം അനുസരിച്ചായിരിക്കും 2024ലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യത. അതിനാല്‍ അപ്പോള്‍ നമുക്ക് ടീം സെലക്ഷനെ കുറിച്ച് ചര്‍ച്ച ചെയ്യാം. നിലവിലെ ഫോം പരിഗണിച്ചാണെങ്കില്‍ ജൂണില്‍ കോലി ഇന്ത്യക്കായി ഉറപ്പായും ടി20 കളിക്കും. ഞാനാണ് സെലക്‌ടറെങ്കില്‍ കോലിയെ ടീമിലെടുക്കും' എന്നും സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Read more: മുംബൈയെ ഫൈനലില്‍ എത്തിക്കാനായില്ല; പക്ഷേ സൂര്യകുമാര്‍ ഒരു ജിന്നാണ്, വമ്പന്‍ നേട്ടങ്ങള്‍