കോലിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്; സഞ്ജുവിന് സവിശേഷ റെക്കോര്‍ഡ്

ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് ഇപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരിലാണ്

IPL 2023 SRH vs RR Sanju Samson first cricketer to completes 700 runs against Sunrisers Hyderabad and hold rare record jje

ഹൈദരാബാദ്: പതിവുപോലെ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറിയുമായി ഐപിഎല്‍ സീസണ്‍ തുടങ്ങിയിരിക്കുന്നു. പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 55 റണ്‍സെടുത്തു. പതിവുപോലെ വെറുമൊരു അര്‍ധ സെഞ്ചുറിയല്ല സഞ്ജുവിനിത്. കിംഗ് വിരാട് കോലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് പിന്നിലാക്കി ഏറെ മുന്നേറിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം. 

ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് ഇപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരിലാണ്. സണ്‍റൈസേഴ്‌സിനെതിരെ 700 റണ്‍സ് നേടുന്ന ആദ്യ ബാറ്ററാണ് സഞ്ജു. രണ്ടാമതുള്ള വിരാട് കോലിക്ക് 569 റണ്‍സുകളേയുള്ളൂ. മൂന്നാമതുള്ള ഷെയ്‌ന്‍ വാട്‌സണിന് 566 ഉം നാലാമതുള്ള എ ബി ഡിവില്ലിയേഴ്‌സിന് 540 റണ്‍സും അഞ്ചാമന്‍ അമ്പാട്ടി റായുഡുവിന് 540 റണ്‍സുമാണ് സമ്പാദ്യം. സണ്‍റൈസേഴ്‌സിനെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളുമുണ്ട്. 2019ലായിരുന്നു ഹൈദരാബാദില്‍ തന്നെ സഞ്ജു 55 പന്തില്‍ 102 റണ്‍സ് നേടിയത്. 

ഹൈദരാബാദിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റേയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും പേരിലാക്കി. പുറത്താകാതെ 16 പന്തില്‍ 22* എടുത്ത ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ അവസാന ഓവറുകളില്‍ നിര്‍ണായകമായി. ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ തുടക്കത്തിലെ ആഞ്ഞടിച്ച ബട്‌ലര്‍-യശസ്വി വെടിക്കെട്ട് തുടരുകയായിരുന്നു സഞ്ജു സാംസണ്‍. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios