ലക്ഷക്കണക്കിന് ആരാധകഹൃദയങ്ങള്‍ കീഴടക്കി സഞ്ജുവിന്‍റെ ബാറ്റിംഗ്; പ്രശംസാപ്രവാഹം
ട്വിറ്റര്‍ ഒരിക്കല്‍ക്കൂടി മുങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിനുള്ള പ്രശംസകള്‍ കൊണ്ട്
ഹൈദരാബാദ്: ക്യാപ്റ്റന്‍റെ ഉത്തരവാദിത്തത്തിന് ഇടയിലും ബാറ്റ് കൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഇന്നിംഗ്‌സ്. ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെയുള്ള ബാറ്റിംഗ്. എന്നും വിമര്‍ശിക്കപ്പെട്ടിട്ടുള്ള സ്‌പിന്നിനെതിരെ കരുതലോടെയുള്ള നീക്കവും പ്രഹരവും. ഐപിഎല്‍ പതിനാറാം സീസണിലെ ടീമിന്‍റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സുമായി അര്‍ധ സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. അതും 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 171.88 പ്രഹരശേഷിയിലുള്ള 55 റണ്‍സ്.
സഞ്ജുവിന്‍റെ ആരാധകരെ എത്രത്തോളം ആവേശം കൊള്ളിക്കുന്ന ഇന്നിംഗ്‌സാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പിറന്നത് എന്ന് ഫാന്‍സിന്‍റെ പ്രതികരണങ്ങള്‍ കണ്ടാല്‍ മനസിലാകും. ട്വിറ്റര്‍ ഒരിക്കല്‍ക്കൂടി മുങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിനുള്ള പ്രശംസകള്‍ കൊണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും അടിച്ചു. ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ തുടക്കത്തിലെ ആഞ്ഞടിച്ച ബട്‌ലര്‍-യശസ്വി വെടിക്കെട്ട് തുടരുകയായിരുന്നു സഞ്ജു സാംസണ്‍. അവസാന ഓവറുകളില്‍ പുറത്താകാതെ 16 പന്തില്‍ 22* എടുത്ത ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ നിര്‍ണായകമായി. റിയാന്‍ പരാഗ്(7), ദേവ്‌ദത്ത് പടിക്കല്‍(2), രവി അശ്വിന്‍(2*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
സിറാജ് ഫയറായാല്‍ ഇന്ന് കളറാവും; കാത്തിരിക്കുന്നത് നാഴികക്കല്ല്