പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പോര്; ക്ലാസ് കാണിച്ച് ക്ലാസനും സമദും; ലഖ്നൗവിനെതിരെ ഹൈദരാബാദിന് മികച്ച സ്കോർ
47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി.
ഹൈദരാബാദ്: നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മികച്ച സ്കോർ നേടി സൺറൈസേഴ്സ് ഹൈദരാബാദ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള പോരിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ഹൈദരാബാദ് കുറിച്ചത്. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് ഓപ്പണിംഗ് വിക്കറ്റിൽ അധികം റൺസ് കൂട്ടിച്ചേർക്കാനായില്ല. യുധ്‍വീർ സിംഗ് അഭിഷേക് ശർമ്മയെ തിരികെ പറഞ്ഞയച്ചു. പിന്നാലെ അൻമോൽപ്രീത് സിംഗും രാഹുൽ ത്രിപാഠിയും ചേർന്ന് ലഖ്നൗിനെ കുഴപ്പിക്കുമെന്ന് കരുതിയെങ്കിലും കൃത്യസമയത്ത് യഷ് താക്കൂർ ഇടപെട്ടു. ഒരിക്കൽ കൂടെ ത്രിപാഠിക്ക് നന്നായി തുടങ്ങിയ ശേഷം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സാധിച്ചില്ല. 13 പന്തിൽ 20 റൺസായിരുന്നു ത്രിപാഠി നേടിയത്.
നായകൻ ഏയ്ഡൻ മർക്രാമിനൊപ്പം അൻമോൽപ്രീത് മികവോടെ മുന്നോട്ട് പോകുമ്പോൾ അനുഭവ സമ്പത്തുമായെത്തിയ അമിത് മിശ്ര യുവതാരത്തെ മടക്കി. ഇതിനകം അൻമോൽപ്രീത് 27 പന്തിൽ 36 റൺസ് നേടിയിരുന്നു. വിക്കറ്റുകൾ ഇടയ്ക്കിടെ വീഴുന്നുണ്ടെങ്കിലും റൺറേറ്റ് കുറയാതിരിക്കാൻ സൺറൈസേഴ്സ് ബാറ്റർമാർ ശ്രദ്ധിച്ചിരുന്നു. നല്ല രീതിയിൽ തുടങ്ങിയ മർക്രാമിനും ഏറെ നേരം പിടിച്ച് നിൽക്കാനായില്ല.
ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ബൗൾ ചെയ്ത ക്രുനാൽ പാണ്ഡ്യയുടെ ടേൺ മനസിലാക്കുന്നതിൽ മർക്രാമിന് പിഴച്ചപ്പോൾ സ്റ്റംമ്പ് ചെയ്യാൻ ഡിക്കോക്കിന് അധികം സമയം വേണ്ടിയിരുന്നില്ല. തൊട്ടടുത്ത പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ വിക്കറ്റുകൾ കടപുഴക്കി ക്രുനാൽ വീണ്ടും ആഞ്ഞടിച്ചു. വൻ തിരിച്ചടി ടീം നേരിട്ടപ്പോൾ ക്ലാസനും അബ്ദുൾ സമദും ചേർന്ന് അതിനെ തടുത്ത് നിർത്തി. അവസാന ഓവറുകളിൽ വമ്പനടിക്ക് ശ്രമിച്ച ക്ലാസനെ ആവേശ് ഖാൻ പുറത്താക്കി. സമദിനും അവസാന ഓവർ വിചാരിച്ച പോലെ കത്തിക്കാനാകാതെ പോയതോടെയാണ് ഹൈദരാബാദ് 182ൽ ഒതുങ്ങിയത്.