എന്തൊക്കെയാണ് നടക്കുന്നത്? ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും ഏറ്! ഇറങ്ങിയോടി താരങ്ങളും സ്റ്റാഫും
നട്ടും ബോള്‍ട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും ഗ്രൗണ്ടിലേക്ക് വന്നു
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം വേദിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍. മത്സരത്തിനിടെ കാണികള്‍ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. നട്ടും ബോള്‍ട്ടും കാണികള്‍ എങ്ങനെയാണ് സ്റ്റേഡിയത്തിലേക്ക് കടത്തിയതെന്നും സംഘടിപ്പിച്ചതെന്നും അറിവായിട്ടില്ല. നട്ടും ബോള്‍ട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതോടെ മത്സരം തടസപ്പെട്ടപ്പോള്‍ ഓൺ ഫീൽഡ് അംപയർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തിനിടെ വേറെയും നാടകീയ രംഗങ്ങള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലുണ്ടായി. ഇതേസമയം തന്നെ 'കോലി...കോലി' എന്ന ചാന്‍റും സ്റ്റേഡിയത്തില്‍ മുഴങ്ങി. ഐപിഎല്ലിനിടെ മുമ്പ് നടന്ന വിരാട് കോലി-ഗൗതം ഗംഭീര്‍ വാക്‌പോരിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. ഗംഭീറിനെ മൈതാനത്ത് കണ്ടതോടെയാണ് ഗ്യാലറിയില്‍ കോലി...കോലി ചാന്‍റ് ഉച്ചത്തില്‍ മുഴങ്ങിയത്. ലഖ്നൗ സൂപ്പർ ജയന്റ്സിന്‍റെ ഉപദേശകനായ ഗൗതം ഗംഭീർ സ്റ്റേഡിയത്തിലൂടെ നടക്കുമ്പോഴെല്ലാം ആരാധകർ വിരാട് കോലിക്കായി ആരവം ഉയർത്തുന്നുണ്ടായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്‌ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 എന്ന മികച്ച സ്കോറിലെത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഏഴ് റണ്‍സില്‍ നില്‍ക്കേ നഷ്‌ടമായെങ്കിലും സഹ ഓപ്പണര്‍ അമോല്‍പ്രീത് സിംഗ് 27 പന്തില്‍ 36 റണ്‍സ് നേടി. പിന്നാലെ രാഹുല്‍ ത്രിപാഠി 20 ഉം നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രം 28 ഉം ഗ്ലെന്‍ ഫിലിപ്‌സ് പൂജ്യത്തിനും പുറത്തായപ്പോള്‍ 29 പന്തില്‍ 47 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനും 25 പന്തില്‍ 37* നേടിയ അബ്‌ദുല്‍ സമദുമാണ് ഹൈദരാബാദിനെ കാത്തത്. സമദിനൊപ്പം ഭുവനേശ്വര്‍ കുമാര്‍(1 പന്തില്‍ 2*) പുറത്താവാതെ നിന്നു. ലഖ്‌നൗ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ രണ്ടും യുധ്‌വീര്‍ സിംഗും ആവേശ് ഖാനും യഷ് താക്കൂറും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി.