ഡല്‍ഹിക്കെതിരെ ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടിയേ മതിയാകൂ; അപേക്ഷയുമായി സണ്‍റൈസേഴ്‌സ് നായകന്‍
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ തിങ്കളാഴ്‌ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ്. സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണിത്. ഇതുവരെ ബാറ്റര്‍മാര്‍ അധികമാരും ഫോമിലെത്താത്തതാണ് ഇരു ടീമുകളേയും വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യം സണ്‍റൈസേഴ്‌സ് നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രം മത്സരത്തിന് മുന്നോടിയായി അടിവരയിട്ടു പറയുന്നു.
'ബാറ്റ് കൊണ്ട് എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ താരങ്ങള്‍ അതിഗംഭീര പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു' എന്നുമാണ് മത്സരത്തിന് മുന്നോടിയായി ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ വാക്കുകള്‍. ഹാരി ബ്രൂക്ക് ഫോമിലേക്ക് മടങ്ങിയെത്തുന്നതിനൊപ്പം അഭിഷേക് ശര്‍മ്മയും രാഹുല്‍ ത്രിപാഠിയും മായങ്ക് അഗര്‍വാളും നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രമും ഹെന്‍റിച്ച് ക്ലാസനും ഫോമിലേക്ക് എത്തേണ്ടത് ഹൈദരാബാദിന് അനിവാര്യമാണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ചെപ്പോക്കില്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ബ്രൂക്ക് 18 ഉം അഭിഷേക് 34 ഉം ത്രിപാഠി 21 ഉം മാര്‍ക്രം 12 ഉം ക്ലാസന്‍ 17 ഉം മായങ്ക് അഗര്‍വാള്‍ രണ്ടും റണ്‍സ് വീതമാണ് നേടിയത്. ഡല്‍ഹിക്കെതിരെ മായങ്ക് എത്രാമതാവും ബാറ്റിംഗ് ക്രമത്തില്‍ എത്തുക എന്ന ചോദ്യം അവശേഷിക്കുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. പതിനാറാം സീസണില്‍ കളിച്ച ആറില്‍ ഒരു മത്സരം മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്. ആറില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അവസ്ഥയും മോശമാണ്. ഇരു ടീമുകളും പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
Read more: അക്‌സര്‍ പട്ടേല്‍ ലോകോത്തര ഹിറ്റര്‍; സണ്‍റൈസേഴ്‌സിന് മുന്നറിയിപ്പുമായി ഷെയ്‌ന്‍ വാട്‌സണ്‍