പൊരുതി, പക്ഷേ ഇത്തവണ രക്ഷിക്കാനാകാതെ റിങ്കു; ഓറഞ്ച് ആർമിക്ക് മുന്നിൽ കീഴടങ്ങി കെകെആർ, ബ്രൂക്ക് തന്നെ ഹീറോ
എൻ ജഗദീഷനും പിന്തുണ കൊടുത്തതോടെ റാണ കത്തിക്കയറി. പക്ഷേ, മായങ്ക് മാർകണ്ഡെയ്ക്ക് മുന്നിൽ ജഗദീഷനും പ്രതീക്ഷകൾ ചുമലിലേറ്റി വന്ന ആന്ദ്രേ റസലും ബാറ്റ് വച്ച് കീഴടങ്ങി. 21 പന്തിൽ ജഗദീഷൻ 36 റൺസെടുത്തപ്പോൾ ഇന്നും രണ്ടക്കം കാണാൻ റസലിന് സാധിച്ചില്ല
കൊൽക്കത്ത: കൂറ്റൻ വിജയലക്ഷ്യമുയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ശ്വാസം വരെ പൊരുതി കീഴടങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. എസ്ആർഎച്ച് ഉയർത്തിയ 229 വിജയലക്ഷ്യത്തിനെതിരെ കെകെആറിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. നായകൻ നിതീഷ് റാണ (75), റിങ്കു സിംഗ് (58) എന്നിവരാണ് കൊൽക്കത്തയ്ക്കായി ശ്രമിച്ച് നോക്കിയത്. ഹൈദരാബാദിനായി മാർക്കോ യാൻസൻ, മായങ്ക് മാർക്കണ്ഡെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് സൺറൈസേഴ്സ് കുറിച്ചത്. ഹാരി ബ്രൂക്ക്, ഏയ്ഡൻ മർക്രാം, അഭിഷേക് ശർമ എന്നിവരാണ് ഓറഞ്ച് ആർമിക്കായി പട നയിച്ചത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സെഞ്ചുറിയോടെ ബ്രൂക്ക് (100*) ഷോ തന്നെയാണ് ഈഡൻ കണ്ടത്. മർക്രാം 50 റൺസ് എടുത്തപ്പോൾ 32 റൺസുമായി അഭിഷേകും തിളങ്ങി.
മിന്നൽ ബ്രൂക്ക്
ടോസ് നഷ്ടമാമായി ബാറ്റിംഗിന് ഇറങ്ങിയതിന്റെ വിഷമം ഒന്നുമില്ലാത്ത തുടക്കമാണ് സൺറൈസേഴ്സിന് ലഭിച്ചത്. ഐപിഎല്ലിൽ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്, ഈഡൻ ഗാർഡൻസിൽ ആഘോഷം നടത്താനുള്ള മൂഡിലായിരുന്നു. ലോക്കി ഫെർഗൂസനെയും ഉമേഷ് യാദവിനെയും തലങ്ങും വിലങ്ങും പായിച്ച് ഹാരി തകർത്തപ്പോൾ മായങ്ക് അഗർവാൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. മായങ്കിനെയും പിന്നാലെ വന്ന രാഹുൽ ത്രിപാഠിയെയും വീഴ്ത്തി ആന്ദ്രേ റസൽ കൊൽക്കത്തയ്ക്ക് ആശ്വാസം കൊണ്ട് വന്നു.
പക്ഷേ, നായകൻ ഏയ്ഡൻ മർക്രാമും ബ്രൂക്കും ഒന്നിച്ചതോടെ എസ്ആർഎച്ച് സ്കോർ ബോർഡിലേക്ക് അതിവേഗം റൺസ് എത്തി. നായകൻ ഉഷാറായപ്പോൾ ബ്രൂക്ക് സ്ട്രൈക്ക് കൈമാറി ഒപ്പം നിന്നു. ടീം സ്കോർ 129ൽ എത്തിയപ്പോഴാണ് മർക്രാം വീണത്. ഇതിനകം അഞ്ച് സിക്സും രണ്ട് ഫോറും സഹിതം മർക്രാം 50 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ വെടിക്കെട്ടിന്റെ അമരത്തേക്ക് ബ്രൂക്ക് എത്തി. ലോക്കിയെ ഒരോവറിൽ 23 റൺസിന് പറത്തി ടോപ് ഗിയറിൽ താരം കുതിച്ചു. നായകന് പകരമെത്തിയ അഭിഷേക് ശർമയും തകർത്തടിച്ചതോടെ ഈഡനിൽ സുനിൽ നരെയ്ൻ അടക്കം ഉരുകി.
വീണ്ടും റസലിനെ ഇറക്കി റാണ പരീക്ഷണം നടത്തിയപ്പോൾ 32 റൺസെടുത്ത അഭിഷേക്, ഷർദുൽ താക്കൂറിന്റെ കൈകളിൽ ഒതുങ്ങി. പക്ഷേ ഓവറിലെ ആദ്യ പന്ത് എറിഞ്ഞപ്പോൾ തന്നെ പരിക്കേറ്റ റസലിന് ഗ്രൗണ്ട് വിടേണ്ടി വന്നത് കെകെആറിന് വൻ തിരിച്ചടിയായി. പകരം ഓവർ പൂർത്തീകരിച്ച ഷർദുലിനെ മൂന്ന് ഫോറുകളോടെയാണ് ഹൈദരാബാദ് ശിക്ഷിച്ചത്. അവസാന ഓവറിൽ അർഹതപ്പെട്ട സെഞ്ചുറി ബ്രൂക്ക് പേരിൽ ചേർത്തു. 55 പന്തിൽ നിന്നായിരുന്നു താരത്തിന്റെ ഐപിഎല്ലിലെ കന്നി സെഞ്ചുറി. ക്ലാസനും അവസരം മുതലാക്കിയതോടെയാണ് എസ്ആർഎച്ച് സ്കോർ 228ൽ എത്തിയത്.
പൊരുതി വീണ കെകെആർ
മറുപടി ബാറ്റിംഗിൽ വിചാരിച്ച തുടക്കമായിരുന്നില്ല കെകെആറിനെ കാത്തിരുന്നത്. ആദ്യ ഓവറിൽ ഭുവനേശ്വറിന് മുന്നിൽ പകച്ചതോടെ റഹ്മനുള്ള ഗുർബാസ് സ്കോർ ബോർഡ് ചലിച്ച് തുടങ്ങും മുമ്പേ ഡഗ്ഔട്ടിൽ തിരികെയെത്തി. വെങ്കിടേഷ് അയ്യരും പിന്നാലെ വന്ന സുനിൽ നരേയ്നും അടുത്തടുത്ത പന്തുകളിൽ മാർക്കോ യാൻസന് മുന്നിൽ വീണതോടെ ഈഡന്റെ ശബ്ദം ഇടറി. പവർ പ്ലേയിൽ കിതച്ച കൊൽക്കത്തയ്ക്ക് ഊർജം നൽകിയത് ഉമ്രാൻ മാലിക്കിന്റെ ഓവറാണ്. നിതീഷ് റാണ ഉമ്രാനെ കടന്ന് ആക്രമിച്ച് കൊണ്ട് ആ ഓവറിൽ 28 റൺസാണ് അടിച്ചെടുത്തത്.
എൻ ജഗദീഷനും പിന്തുണ കൊടുത്തതോടെ റാണ കത്തിക്കയറി. പക്ഷേ, മായങ്ക് മാർകണ്ഡെയ്ക്ക് മുന്നിൽ ജഗദീഷനും പ്രതീക്ഷകൾ ചുമലിലേറ്റി വന്ന ആന്ദ്രേ റസലും ബാറ്റ് വച്ച് കീഴടങ്ങി. 21 പന്തിൽ ജഗദീഷൻ 36 റൺസെടുത്തപ്പോൾ ഇന്നും രണ്ടക്കം കാണാൻ റസലിന് സാധിച്ചില്ല. ഒരറ്റത്ത് അപ്പോഴും നായകൻ നിതീഷ് റാണ മികച്ച പ്രഹരശേഷിയിൽ മുന്നോട്ട് പോയത് മാത്രമാണ് കെകെആറിന് ആശ്വസിക്കാൻ ഉണ്ടായിരുന്നത്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിംഗുമായി ചേർന്ന് റാണ തോണി അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അഞ്ച് ഓവറിൽ 87 റൺസ് വേണമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. യാൻസനെ രണ്ട് സിക്സുകൾക്ക് പറത്തി റിങ്കു ആരാധകരെ വീണ്ടും അതിശയിപ്പിക്കാനുള്ള സാധ്യതകൾ തേടുകയായിരുന്നു. പക്ഷേ, നടരാജന്റെ അതിർത്തി കടത്താനുള്ള പരിശ്രമം പരാജയപ്പെട്ട് റാണ മടങ്ങി. 41 പന്തിൽ 75 റൺസായിരുന്നു കൊൽക്കത്തൻ നായകന്റെ പേരിൽ കുറിക്കപ്പെട്ടത്.
ഭുവി 17-ാം ഓവർ കടുപ്പിച്ച് എറിഞ്ഞതോടെ രണ്ടോവറിൽ 48 റൺസ് വേണമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. നടരാജന്റെ ഓവർ അവസാനിച്ചപ്പോൾ ആറ് ബോളിൽ 32 വേണമെന്ന അവസ്ഥയിലായി. ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഷാർദുൽ മടങ്ങിയതോടെ കെകെആറിന്റെ പ്രതീക്ഷകളും മങ്ങി. ബാക്കി ചടങ്ങുതീർക്കലായപ്പോൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തോൽവി സമ്മതിച്ചു.