'സ്‌ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ താങ്കള്‍ക്ക് സമാധാനമായില്ലേ'; ഭോഗ്‌ലെയ്‌ക്ക് ധവാന്‍റെ മറുപടി
മത്സരം പഞ്ചാബ് കിംഗ്‌സ് തോറ്റെങ്കിലും സമ്മാന വേളയില്‍ ഹര്‍ഷ ഭോഗ്‌ലെയ്‌ക്ക് ചിരിയോടെ മറുപടി നല്‍കുകയായിരുന്നു ശിഖര്‍ ധവാന്‍
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈരാബാദിന് എതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ഒറ്റയാള്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നത് ആരാധകര്‍ കണ്ടിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണിത് എന്നാണ് ധവാന് ആരാധകരുടെ പ്രശംസ. പുറത്താകാതെ 66 പന്തില്‍ 99* റണ്‍സ് നേടിയ ധവാന്‍റെ കരുത്തിലാണ് പഞ്ചാബ് 20 ഓവറില്‍ 9 വിക്കറ്റിന് 144 റണ്‍സ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയ്‌ക്ക് ഉരുളയ്‌ക്ക് ഉപ്പേരി മറുപടി ധവാന്‍ കൊടുക്കുന്നത് കാണാനായി.
മത്സരം പഞ്ചാബ് കിംഗ്‌സ് തോറ്റെങ്കിലും സമ്മാന വേളയില്‍ ഹര്‍ഷ ഭോഗ്‌ലെയ്‌ക്ക് ചിരിയോടെ മറുപടി നല്‍കുകയായിരുന്നു ശിഖര്‍ ധവാന്‍. നേരത്തെ, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ ധവാന്‍റെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ച് ഭോഗ്‌ലെ ട്വീറ്റ് ചെയ്‌തിരുന്നു. അന്ന് 56 പന്തില്‍ 86 റണ്‍സ് നേടിയെങ്കിലും സാവധാനമാണ് ധവാന്‍ ബാറ്റിംഗ് തുടങ്ങിയത്. 30 പന്തുകള്‍ പാഴാക്കിയത് അംഗീകരിക്കാനാവില്ല എന്നായിരുന്നു ഭോഗ്‌ലെയുടെ നിലപാട്. ഇതിനോട് സണ്‍റൈസേഴ്സിന് എതിരായ മത്സര ശേഷം ധവാന്‍റെ വാക്കുകള്‍ ഇങ്ങനെ. 'എന്‍റെ സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ താങ്കള്‍ ഇപ്പോള്‍ സന്തോഷവാനായിരിക്കും എന്ന് തോന്നുന്നു'- ധവാന്‍ പറഞ്ഞു. 'തന്‍റെ പ്രതികരണം മറ്റൊരു സാഹചര്യത്തിലായിരുന്നു' എന്നായിരുന്നു ഇതിനോട് ഭോഗ്‌ലെയുടെ മറുപടി.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സിന് 143/9 എന്ന ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ശിഖര്‍ ധവാന്‍റെ പ്രകടനമായിരുന്നു. 99 നേടിയ ധവാനും 22 എടുത്ത സാം കറനും മാത്രമേ പഞ്ചാബ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. പ്രഭ്‌സിമ്രാന്‍, രാഹുല്‍ ചഹാര്‍, നേഥന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ മാത്യൂ ഷോര്‍ട്ട്(1), ജിതേഷ് ശര്‍മ്മ(4), സിക്കന്ദര്‍ റാസ(5), ഷാരൂഖ് ഖാന്‍(4), ഹര്‍പ്രീത് ബ്രാര്‍(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 15-ാം ഓവറിന്‍റെ തുടക്കത്തില്‍ 88/9 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ധവാനും പത്താമന്‍ മൊഹിത് റാത്തീയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റാത്തീ 2 പന്തില്‍ 1* റണ്ണുമായി ധവാനൊപ്പം പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്ക്(14 പന്തില്‍ 13) ഒരിക്കല്‍ കൂടി പരാജയമായപ്പോള്‍ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനും(20 പന്തില്‍ 21) തിളങ്ങാനായില്ല. വെടിക്കെട്ടുമായി രാഹുല്‍ ത്രിപാഠിയും(48 പന്തില്‍ 74*), നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രാമും(21 പന്തില്‍ 37*) 17.1 ഓവറില്‍ എട്ട് വിക്കറ്റിന്‍റെ ജയം സണ്‍റൈസേഴ്‌സിന് സമ്മാനിച്ചു.
Read More: കെകെആറിന് കരുത്ത് കൂടും; വെടിക്കെട്ടിന് വീര്യം കൂട്ടാന്‍ ബംഗ്ലാ താരമെത്തി