സഞ്ജു ഇറങ്ങുമ്പോള്‍ ആവേശ പോരാട്ടത്തിന് ഗുവാഹത്തി; പക്ഷേ ഒരു 'തണുത്ത' വാര്‍ത്തയുണ്ട്
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം ആരംഭിക്കുക
ഗുവാഹത്തി: ഐപിഎല്ലിൽ ആദ്യമായി ഒരു മത്സരം വടക്കുകിഴക്കൻ മേഖലയിൽ നടക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് മുഖാമുഖം വരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ഗുവാഹത്തി. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്‍റെ ഹോം മൈതാനം കൂടിയാണിത്. അതിനാല്‍ വലിയ ആവേശം അസമിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഗുവാഹത്തിയില്‍ നിന്നൊരു ആശങ്ക വാര്‍ത്തയുമുണ്ട്.
ഗുവാഹത്തിയില്‍ ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മത്സരത്തിന്‍റെ ആവേശം തണുപ്പിക്കുമോ എന്ന് കാത്തിരുന്നറിയാം. ഇന്ന് ഇവിടെ താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വൈകിട്ടോടെ 36 ശതമാനം മേഘങ്ങള്‍ മൂടാനും മഴയ്‌ക്ക് 40 ശതമാനം സാധ്യതയും ബര്‍സാപാര സ്റ്റേഡിയം പരിസരത്ത് പ്രവചിച്ചിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സോടെ മഴ കളിക്കാനാണ് സാധ്യത. രാത്രി 19 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും എന്നതിനാല്‍ ഡ്യൂ ഫാക്‌ടര്‍ മത്സരത്തെ സ്വാധീനിച്ചേക്കാം.
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം ആരംഭിക്കുക. സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എവേ ഗ്രൗണ്ടില്‍ രാജസ്ഥാന്‍ 72 റണ്‍സിന് തോല്‍പിച്ചിരുന്നു. ബാറ്റിംഗില്‍ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ‌്ജു സാംസണും അര്‍ധസെഞ്ചുറിയും ബൗളിംഗില്‍ യുസ്‌വേന്ദ്ര ചാഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും നേടി. കഴിഞ്ഞ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മഴനിയമത്തിന്‍റെ ആനുകൂല്യത്തിൽ മറികടന്നാണ് ശിഖർ ധവാന് നയിക്കുന്ന പഞ്ചാബ് കിംഗ്‌സ് വരുന്നത്.
Read more: ഐപിഎല്ലില്‍ ആദ്യം; രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിംഗ്‌സ് മത്സരം ചരിത്രമാകും