ഒരു മാറ്റവുമില്ല, ആദ്യ ഓവര്‍ മെയ്‌ഡനാക്കി കെ എല്‍ രാഹുല്‍; ട്രോളി ആരാധകര്‍- വീഡിയോ
രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തിലും റണ്ണെടുക്കാന്‍ രാഹുലിന് കഴിയാതെ വന്നു
ജയ്‌പൂര്‍: ട്വന്‍റി 20 ക്രിക്കറ്റില്‍ ഈ മുട്ടിക്കളി മതിയോ? ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ നാളുകളായി കേള്‍ക്കുന്ന പഴിയാണിത്. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ രാഹുല്‍ അപകടകാരിയാണ്, ക്ലാസ് ഷോട്ടുകളുടെ ആറാട്ടുകാരനാണ് എന്നൊക്കെ പലരും വിലയിരുത്തുമ്പോഴും ആദ്യ പവര്‍പ്ലേയിലെ ആറ് ഓവറില്‍ രാഹുലിന്‍റെ ബാറ്റ് മിന്നും തുടക്കം നേടുന്നത് അപൂര്‍വമാണ്. ഇതേ പതിവ് ഐപിഎല്‍ പതിനാറാം സീസണിലും കെ എല്‍ രാഹുല്‍ തുടരുകയാണ് എന്നതാണ് യാഥാര്‍ഥ്യം. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തിലും റണ്ണെടുക്കാന്‍ രാഹുലിന് കഴിയാതെ വന്നു.
പതിവ് ശൈലിയില്‍ അമിത പ്രതിരോധം, ഇതായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഓപ്പണറും നായകനുമായ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് തുടക്കം. കിവീസ് സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഒന്നാന്തരം പന്തുകളാണ് എറിയുന്നതെങ്കിലും പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാന്‍ ഒരു ശ്രമവും രാഹുലിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. ഓവറിലെ ആറ് പന്തും 30 വാര സര്‍ക്കിളിനരികെ പോലും രാഹുല്‍ അടിച്ചിട്ട് എത്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിനിടെ ഔട്ട്‌സൈഡ് എഡ്‌ജ് ആവാതെ കഷ്‌ടിച്ച് രക്ഷപ്പെടുകയും ചെയ്തു ലഖ്‌നൗ നായകന്‍. ഇതോടെ രാഹുലിന്‍റെ മുട്ടിക്കളി വീണ്ടും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. രാഹുല്‍ മെയ്‌ഡന്‍ ഓവര്‍ വഴങ്ങുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 42 പന്തില്‍ 51 റണ്‍സെടുത്ത ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. മുട്ടിക്കളി തുടര്‍ന്ന രാഹുല്‍ 32 ബോളില്‍ 39 റണ്‍സുമായി മടങ്ങി. രാജസ്ഥാനായി അശ്വിന്‍ രണ്ടും ബോള്‍ട്ടും ഹോള്‍ഡറും സന്ദീപും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ 23 റണ്‍സിനാണ് അശ്വിന്‍റെ രണ്ട് വിക്കറ്റ്. നിക്കോളാസ് പുരാന്‍ 29 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 21 ഉം റണ്‍സില്‍ മടങ്ങി. ആയുഷ് ബദോനി ഒന്നിനും ദീപക് ഹൂഡ രണ്ട് റണ്ണിനും യുധ്‌വീര്‍ സിംഗ് ഒന്നിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ 4* റണ്ണുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.
Watch Video: ത്രോ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, ധോണിയെ വെല്ലുന്നത്! കയ്യടി വാങ്ങി സഞ്ജു- വീഡിയോ