സഞ്ജുവിനും കൂട്ടര്‍ക്കും ടെന്‍ഷന്‍ കണക്കുകള്‍; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെറിയ കളി മതിയാവില്ല
ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‌ലറും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് രാജസ്ഥാന്‍ റോയല്‍സിന് അനിവാര്യമാണ്
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്നിറങ്ങുമ്പോള്‍ ആശങ്കപ്പെടുത്തുന്നത് കണക്കുകള്‍. എതിരാളികളായ ഗുജറാത്ത് ടൈറ്റന്‍സിന് റോയല്‍സിനെതിരെ വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ മുഖാമുഖം വന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ജയം ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു. ഒരു മത്സരം മാത്രമാണ് റോയല്‍സ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞമാസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോൾ
ഗുജറാത്തിന്‍റെ 177 റൺസ് 19.2 ഓവറില്‍ മറികടന്ന് മൂന്ന് വിക്കറ്റിന്‍റെ ജയം നേടാനായത് രാജസ്ഥാന് ആശ്വാസമാണ്. ഈ തോൽവിക്ക് രാജസ്ഥാന്‍റെ മൈതാനത്ത് പകരംവീട്ടാന്‍ ടൈറ്റന്‍സ് ഇറങ്ങുമ്പോള്‍ പോര് കടുക്കും.
ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‌ലറും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് രാജസ്ഥാന്‍ റോയല്‍സിന് അനിവാര്യമാണ്. ടൈറ്റന്‍സിനായി കഴിഞ്ഞ മത്സരത്തില്‍ 11 റണ്‍സിന് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍ മുഹമ്മദ് ഷമിയുടെ ആദ്യ ഓവര്‍ അതിജീവിക്കുകയാവും യശസ്വി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യത്തിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. മുംബൈക്കെതിരെ 62 പന്തില്‍ 124 റണ്‍സ് നേടി നിലവില്‍ ഫോമിലുള്ള യശസ്വി പ്രതീക്ഷയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും പരാജയപ്പെട്ടത് ടീമിന് പ്രഹരമായിക്കഴിഞ്ഞു. അതിനാല്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറെ മാറ്റാന്‍ ടീം തയ്യാറായേക്കും. ശരാശരി 200 റൺസ് പ്രതീക്ഷിക്കാവുന്ന വിക്കറ്റാണ് ജയ്‌പൂരിലേത് എന്നതിനാല്‍ ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങേണ്ടത് റോയല്‍സിന് ആവശ്യമാണ്.
ജയ്‌പൂരില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. നിലവില്‍ 9 കളിയില്‍ 12 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് ടൈറ്റന്‍സ് എങ്കില്‍ ഇത്രതന്നെ കളികളില്‍ 10 പോയിന്‍റുള്ള റോയല്‍സ് നാലാം സ്ഥാനക്കാരാണ്. എന്നാല്‍ ഇന്ന് ടൈറ്റന്‍സിനെ തോല്‍പിക്കാനായാല്‍ റോയല്‍സിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തോല്‍വിയില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇറങ്ങുക.