ജയ്‌പൂരില്‍ ടോസ് നിര്‍ണായകം, ഒരു കണക്കുവീട്ടാന്‍ സഞ്ജു; മുംബൈയുടെ ഗതി വരരുതേ രാജസ്ഥാനും ചെന്നൈക്കും

ബൗളിംഗിനെയും ബാറ്റിംഗിനേയും ഒരുപോലെ പിന്തുണയ്‌ക്കുന്ന പിച്ചാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേത്

IPL 2023 RR vs CSK Sawai Mansingh Stadium Jaipur pitch Reports and records jje

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് മുഖാമുഖം വരുമ്പോള്‍ നിര്‍ണായകമാവുക ടോസ്. ജയ്‌പൂരില്‍ ഇതുവരെ നടന്ന 48 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം 16 എണ്ണത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. 32 കളികളിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്. എന്നാല്‍ ഇവിടെ നടന്ന അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തിട്ടും ടീം പരാജയപ്പെട്ടു എന്നതാണ് ചരിത്രം. ലഖ്‌നൗവിന്‍റെ 154 റണ്‍സിനെതിരെ ഒരുവേള 81-0 എന്ന ശക്തമായ നിലയിലായിരുന്നിട്ടും ലഖ്‌നൗ ബൗളര്‍മാരുടെ കരുത്തില്‍ രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ 144-6ല്‍ ഒതുങ്ങി. ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 10 റണ്ണിന്‍റെ ജയം സ്വന്തമാക്കി. 

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ സഞ്ജു നാല് പന്തില്‍ 2 റണ്ണെടുത്ത് പുറത്തായിരുന്നു.  ഇതിന് കണക്കുവീട്ടാന്‍ കൂടിയാണ് സഞ്ജു സാംസണ്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുക. യശസ്വി ജയ്‌സ്വാള്‍ 35 പന്തില്‍ 44 ഉം ജോസ് ബട്‌ലര്‍ 41 പന്തില്‍ 40 എടുത്തപ്പോള്‍ പിന്നീട് വന്നവരില്‍ 12 പന്തില്‍ 26 നേടിയ ദേവ്‌ദത്ത് പടിക്കലും 12 പന്തില്‍ പുറത്താവാതെ 15* നേടിയ റിയാന്‍ പരാഗും മാത്രമാണ് രണ്ടക്കം കണ്ടത്. ഷിമ്രോന്‍ ഹെറ്റ്‌മെയറും(2), ധ്രുവ് ജൂരെലും(0) ബാറ്റിംഗില്‍ സമ്പൂര്‍ണ നിരാശയായി. 

ബൗളിംഗിനെയും ബാറ്റിംഗിനേയും ഒരുപോലെ പിന്തുണയ്‌ക്കുന്ന പിച്ചാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേത്. അപൂര്‍വം ചില ബാറ്റര്‍മാര്‍ മികച്ച സ്കോര്‍ ഇവിടെ നേടിയിട്ടുണ്ടെങ്കിലും ഇതുവരും ഒരു ടീമും 200 റണ്‍സിലധികം അടിച്ചിട്ടില്ല. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 2012ല്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയ 197/5 ആണ് ഇവിടുത്തെ ഉയര്‍ന്ന ടീം സ്കോര്‍. കുറച്ച് വലിയപ്പമേറിയ ഗ്രൗണ്ടായതിനാല്‍ സ്‌പിന്നര്‍മാരുടെ പന്തുകള്‍ നിര്‍ണായകമാകും. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ റോയല്‍സ് താരമായിരിക്കേ അജിങ്ക്യ രഹാനെ നേടിയ 105* റണ്‍സാണ്. റോയല്‍സിനെതിരെ 92 റണ്‍സിന് 2013ല്‍ മുംബൈ ഇന്ത്യന്‍സ് ഇവിടെ പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്കോര്‍. 

Read more: സഞ്ജു മൂന്നാം നമ്പറില്‍ വരട്ടെ, ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കും; പറയുന്നത് മുന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios