ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ്; വൈകാരിക കുറിപ്പുമായി അജിങ്ക്യ രഹാനെ
എപ്പോഴും യാത്ര സുഖകരമായിരിക്കില്ല എന്നാണ് എന്‍റെ പ്രൊഫഷണല്‍ കരിയറില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് എന്ന് കുറിപ്പില്‍ രഹാനെ
ജയ്‌പൂര്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരായ ഫൈനലിനുള്ള ടീമിലേക്കാണ് രഹാനെയെ ബിസിസിഐ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിക്ക് പിന്നാലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തുടരുന്ന ഫോമും ശ്രേയസ് അയ്യര്‍ക്ക് ഉചിതനായൊരു പകരക്കാരന്‍ വേണമെന്നതും സെലക്‌ടര്‍മാരുടെ കണ്ണുകള്‍ അജിങ്ക്യ രഹാനെയിലേക്ക് നീണ്ടു. ഒരുകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന രഹാനെ തന്‍റെ മടങ്ങിവരവിനോട് ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
'എപ്പോഴും യാത്ര സുഖകരമായിരിക്കില്ല എന്നാണ് എന്‍റെ പ്രൊഫഷണല്‍ കരിയറില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്. നമ്മുടെ പദ്ധതികള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടക്കാത്ത സന്ദര്‍ഭങ്ങളുണ്ടാകും. അത് നമ്മളെ നിരാശരാക്കും. എന്നാല്‍ നമ്മള്‍ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. എന്‍റെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയാല്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ പഠിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ എന്നെ ക്രിക്കറ്ററും വ്യക്തിയും എന്ന നിലയില്‍ വളരാന്‍ സഹായിച്ചു. അതിജീവനത്തിനായി നിലനില്‍ക്കുക എന്നതാണ് എല്ലാ ഫീല്‍ഡിലും ആവശ്യം. അത് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് നിയന്ത്രണം ലഭിക്കാനും സഹായകമാകും. ലക്ഷ്യത്തിനായി തുടര്‍ന്നും പ്രയത്നിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. മുഖ്യധാരയില്‍ ഏറെ നാളായുണ്ടായിരുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയരത്തിലായിരിക്കും. സമ്മര്‍ദത്തിലാവാതെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പ്രയത്നം തുടരുക, നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക. ഫലമുണ്ടാകും. വിജയത്തിനായി കഠിനപ്രയത്നം നടത്തുകയാണ് വേണ്ടത്' എന്നും രഹാനെ കുറിച്ചു.
ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന അജിങ്ക്യ രഹാനെ അഞ്ച് മത്സരങ്ങളില്‍ 199.05 പ്രഹരശേഷിയില്‍ 209 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടുന്നുണ്ട്. ഒന്നരവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അജിങ്ക്യ രഹാനെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് രഹാനെ മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ ടെസ്റ്റ് കളിച്ചത്.
Read more: ധോണിക്കുമുണ്ട് കണക്ക് വീട്ടാന്‍; ആശങ്കകള്‍ നിറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്