തലയുടെ വിളയാട്ടം! പക്ഷേ ചെന്നൈക്ക് ചെപ്പോക്കിൽ കണ്ണീർ; സഞ്ജുപ്പട 'ഷൂപ്പറാണ്', കൊത്തിപ്പറന്നത് മിന്നും വിജയം
ചെന്നൈയ്ക്കായി ഡെവോൺ കോൺവെ (50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി (32), രവീന്ദ്ര ജഡേജ (25) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചഹാലും രണ്ട് വിക്കറ്റുകൾ വീതം നേടി.
ചെന്നൈ: ഐപിഎല്ലിൽ വീണ്ടുമൊരു മത്സരം കൂടി അവസാന ഓവറിന്റെ ആവേശത്തിലേക്ക് നീങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിനെ ചെപ്പോക്കിൽ കരയിച്ച് രാജസ്ഥാൻ റോയൽസ്. ചെന്നൈയുടെ നായകനായി 200-ാം മത്സരം കളിച്ച ധോണി അവസാന ഓവറുകളിൽ മിന്നലായി മാറിയെങ്കിലും റോയൽസിനെ പരാജയപ്പെടുത്താൻ അത് മതിയാകുമായിരുന്നില്ല. മൂന്ന് റൺസിന്റെ വിജയമാണ് സഞ്ജുവും സംഘവും പേരിലെഴുതിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.
ചെന്നൈയ്ക്കായി ഡെവോൺ കോൺവെ (50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി (32), രവീന്ദ്ര ജഡേജ (25) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചഹാലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനയി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ (52) സ്ഥിരം പ്രകടനം ആവർത്തിച്ചപ്പോൾ ദേവദത്ത് പടിക്കൽ (38), ഹെറ്റ്മെയർ (30) എന്നിവരും തിളങ്ങി. ചെന്നൈക്കായി ആകാശ് സിംഗ്, തുഷാർ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ബട്‍ലറുടെ ഹീറോയിസം, ധോണിയുടെ തന്ത്രങ്ങൾ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാൻ റോയൽസിന് വേണ്ടി സ്റ്റാർ പെയറുകളായ ജോസ് ബട്‍ലർക്കും യശ്വസി ജയ്സ്‍വാളിനും ഇത്തവണ മികച്ച തുടക്കം നൽകാനായില്ല. രണ്ടാം ഓവറിൽ തുഷാർ പാണ്ഡെയ്ക്ക് മുന്നിൽ ജയ്സ്‍വാളിന് പിഴച്ചു. എട്ട് പന്തിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ, സഞ്ജുവിന് പകരം സ്ഥാനക്കയറ്റം കിട്ടി വന്ന ദേവദത്ത് പടിക്കലും ബട്‍ലറും ഒന്നിച്ചതോടെ റോയൽസ് സ്കോർ ബോർഡിലേക്ക് റൺസ് എത്തിത്തുടങ്ങി.
ഫോമിലേക്ക് എത്താൻ കഷ്ടപ്പെട്ടിരുന്ന പടിക്കലിന് പവർ പ്ലേയിൽ കൂടുതൽ അവസരം നൽകി വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയാണ് ബട്‍ലർ ചെയ്തത്. ഇത് മുതലാക്കി പടിക്കൽ വളരെ മെച്ചപ്പെട്ട നിലയിൽ സ്കോർ ചേർത്തു. മോയിൻ അലിയെ രണ്ട് സിക്സുകൾക്ക് തൂക്കി ബട്‍ലർ അധികം വൈകാതെ ടോപ് ഗിയറിടുകയും ചെയ്തു. എന്നാൽ, ധോണി തന്റെ വജ്രായുധത്തെ നിയോഗിച്ചതോടെ ചെന്നൈ ഒരേ ഒരു ഓവറിൽ മത്സരം തിരിച്ചു. ഓരോവറിൽ പടിക്കലിനെയും പിന്നാലെ വന്ന സഞ്ജുവിന്റെയും വിക്കറ്റുകളെടുത്താണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്.
രവിചന്ദ്ര അശ്വിനെ ഇറക്കി വിക്കറ്റ് കൊഴിച്ചിൽ പിടിച്ച് നിർത്താൻ രാജസ്ഥാൻ ശ്രമിച്ചു. ഇത് റണ്ണൊഴുക്ക് വല്ലാതെ കുറച്ചു. പിന്നീട് ആകാശ് സിംഗിനെ രണ്ട് സിക്സുകൾ പായിച്ച് അശ്വിൻ ശ്രമിച്ചെങ്കിലും ആ ഓവറിൽ തന്നെ പുറത്തായി. 22 പന്തിൽ 30 റൺസാണ് താരം നേടിയത്. ഇതിനിടെ സൂക്ഷിച്ച് കളിച്ച ബട്‍ലർ അർധ സെഞ്ചുറി പൂർത്തിയാക്കി. പക്ഷേ, അവസാന ഓവറുകളിൽ മിന്നിക്കത്താമെന്നുള്ള ബട്‍ലറുടെ കണക്കുകൂട്ടൽ മോയിൻ അലി അവസാനിപ്പിച്ചു.
36 പന്തിൽ 52 റൺസെടുത്ത ബട്‍ലറുടെ വിക്കറ്റുകൾ അലി തെറിപ്പിക്കുകയായിരുന്നു. വമ്പനടിക്കാരായ ഷിമ്രോൺ ഹെറ്റ്‍മെയറും ധ്രുവ് ജുറലും ചേർന്നിട്ടും ബൗണ്ടറികൾ കണ്ടെത്താനാകാതെ രാജസ്ഥാൻ വിഷമിച്ചു. 17-ാം ഓവറിൽ അഞ്ചാം പന്തിൽ തുഷാറിനെ ഹെറ്റ്‍മെയർ അതിർത്തി കടത്തിയതോടെ റോയൽസ് ഒന്ന് ആശ്വസിച്ചത്. ഹെറ്റ്മെയർ ഒരറ്റത്ത് അടി തുടർന്നെങ്കിലും മികവിലേക്ക് ഉയരാൻ ബുദ്ധിമുട്ടിയ ജുരൽ മടങ്ങി. അവസാന ഓവറിൽ ഫോറോടെ ഹെറ്റ്മെയർ ആരംഭിച്ചെങ്കിലും ടീം സ്കോർ 180 കടത്താനായില്ല.
വിജയിപ്പിക്കാനാകാതെ തല
രാജസ്ഥാന് സമാനമായി ഫോമിലുള്ള ഓപ്പണറെ നഷ്ടപ്പെട്ടു കൊണ്ടാണ് ചെന്നൈയും തുടങ്ങിയത്. 10 പന്തിൽ എട്ട് റൺസുമായി റുതുരാജ് ഗെയ്ൿവാദ് മടങ്ങി. സന്ദീപ് ശർമയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ച വീര്യവുമായി എത്തിയ അജിൻക്യ രഹാനെയും ഡെവോൺ കോൺവെയും ഒന്നിച്ചതോടെ റോയൽസിനെ പോലെ തന്നെ രണ്ടാം വിക്കറ്റിൽ ചെന്നൈയും കൂട്ടുക്കെട്ടുണ്ടാക്കി. ആറ് ഓവർ പവർ പ്ലേയിൽ സ്പിന്നർമാരെ അടക്കം അഞ്ച് ബൗളർമാരെ ഉപയോഗിച്ചാണ് രാജസ്ഥാൻ ട്രെൻഡ് ബോൾട്ടിന്റെ അഭാവം ബാധിക്കാതെ നോക്കിയത്.
ഓവറിൽ ഒരു ബൗണ്ടറിയെങ്കിലും നേടാൻ ശ്രമിച്ച് കൊണ്ട് രഹാനെയും കോൺവെയും പരസ്പരം കൃത്യമായ ധാരണയോടെയാണ് കളിച്ചത്. പക്ഷേ, ജഡേജയെ ധോണി ഉപയോഗിച്ച അതേ തന്ത്രം സഞ്ജവും പ്രയോഗിച്ചതോടെ രഹാനെയുെ ചെറുത്തുനിൽപ്പ് അവസാനിച്ചു. 19 പന്തിൽ 31 റൺസാണ് രഹാനെ ഇതിനകം പേരിൽ ചേർത്തിരുന്നത്. തന്റെ അടുത്ത ഓവറിൽ ശിവം ദുബൈയെയും അശ്വിൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി.
അടുത്തതായി വന്ന മോയിൻ അലിയെ ആദം സാംപ സന്ദീപ് ശർമയുടെ കൈകളിൽ എത്തിച്ചതോടെ മത്സരത്തിൽ നേരിയ ആധിപത്യം രാജസ്ഥാനായി. അപ്പോഴും ഒരറ്റത്ത് കോൺവെ പിടിച്ച് നിന്നിരുന്നു. അടുത്ത ഊഴം ഇംപാക്ട് പ്ലെയറായി വന്ന അമ്പാട്ടി റായിഡുവിന്റേതായിരുന്നു. ചഹാലിനെ അതിർത്തിക്കപ്പുറം കടത്താനുള്ള റായിഡുവിന്റെ പരിശ്രമം ഹെറ്റ്‍മെയറിന്റെ കൈകളിൽ ഒതുങ്ങി. രാജസ്ഥാൻ ബാറ്റിംഗിന് സംഭവിച്ച അതേ അവസ്ഥയിലൂടയായിരുന്നു ചെന്നൈയുടെയും പോക്ക്. അർധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ ചഹാലിന് വിക്കറ്റ് നൽകി കോൺവെ മടങ്ങി.
തുടർന്ന് ചെന്നൈയുടെ നായകനായി 200-ാം മത്സരം കളിക്കുന്ന ധോണിയെ ആരവത്തോടെയാണ് ചെപ്പോക്ക് വരവേറ്റത്. ധോണി - ജഡേജ എന്ന ചെന്നൈയുടെ സൂപ്പർ സഖ്യം ഒത്തുചേർന്നതോടെ ചെന്നൈ ആഘോഷം തുടങ്ങി. ആദ്യം ഒന്ന് പതറിയെങ്കിലും ആദം സാംപയെ ഫോറടിച്ച് 17-ാം ഓവറിന് ധോണി തുടക്കമിട്ടു. അതേ ഓവറിൽ ഒരു സിക്സ് കൂടി പായിച്ച് ധോണി ചെപ്പോക്കിനെ ഹരം കൊള്ളിച്ചു. അവസാന രണ്ട് ഓവറിൽ 40 റൺസ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ.
ഹോൾഡറിനെതിരെ ഒരു ഫോറും രണ്ട് സിക്സും നേടി ജഡേജ കിംഗ്സിന്റെ പ്രതീക്ഷയേറ്റി. അവസാന ഓവറിൽ ഇതോടെ വിജയലക്ഷ്യം 21 റൺസായി. അവസാന ഓവറിൽ എം എസ് ധോണിയുടെ ഷോയ്ക്ക് മുന്നിൽ സന്ദീപ് ശർമയ്ക്ക് ആദ്യം മറുപടികൾ ഉണ്ടായിരുന്നില്ല. വൈഡുകളും രണ്ട് സിക്സും വന്നപ്പോൾ ചെന്നൈ വിജയം നേടുമെന്ന് കരുതി. പക്ഷേ, ആത്മവിശ്വാസം വീണ്ടെടുത്ത സന്ദീപിന്റെ യോർക്കറുകൾ സൂപ്പർ കിംഗ്സിന്റെ സൂപ്പർ വിജയത്തെ തടഞ്ഞു.