212 റണ്‍സടിച്ചിട്ടും രക്ഷയില്ല; നാണക്കേടിന്‍റെ പടുകുഴിയില്‍ ആര്‍സിബി

ആദ്യ ഇന്നിംഗ്‌സില്‍ 200+ ടാര്‍ഗറ്റ് സ്കോര്‍ സെറ്റ് ചെയ്‌ത ശേഷം ഏറ്റവും കൂടുതല്‍ തവണ തോറ്റ ടീമെന്ന നാണക്കേടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മത്സര ഫലം നല്‍കിയത്

IPL 2023 Royal Challengers Bangalore created unwanted record after lose to Lucknow Super Giants jje

ബെംഗളൂരു: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി 200ഓ അതിലധികമോ ടാര്‍ഗറ്റ് മുന്നോട്ടുവെച്ച ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോറ്റു. തിങ്കളാഴ്‌ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടാണ് അവസാന പന്തില്‍ ഒരു വിക്കറ്റിന്‍റെ പരാജയം ആര്‍സിബി വഴങ്ങിയത്. ഇതോടെ ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡ് ഫാഫ് ഡുപ്ലസിയുടെയും സംഘത്തിന്‍റേയും പേരിലായി. 

ആദ്യ ഇന്നിംഗ്‌സില്‍ 200+ ടാര്‍ഗറ്റ് സ്കോര്‍ സെറ്റ് ചെയ്‌ത ശേഷം ഏറ്റവും കൂടുതല്‍ തവണ തോറ്റ ടീമെന്ന നാണക്കേടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മത്സര ഫലം നല്‍കിയത്. അഞ്ചാം തവണയാണ് ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബി 200+ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും പ്രതിരോധിക്കാനാവാതെ അറിയറവ് പറഞ്ഞത്. മൂന്ന് തവണ തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സും രണ്ട് തവണ വീതം തോറ്റ പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും ഓരോ തവണ 200+ സ്കോര്‍ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ശേഷം തോറ്റു. 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ ഒരു വിക്കറ്റിന്‍റെ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് അവസാന പന്തില്‍ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62) എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടാണ് രക്ഷയായത്. അവസാന ഓവറുകളില്‍ ആയുഷ് ബദോനി(24 പന്തില്‍ 30) നിര്‍ണായകമായി. വെടിക്കെട്ട് വീരന്‍ കെയ്‌ല്‍ മയേഴ്‌സ് പൂജ്യത്തിനും നായകന്‍ കെ എല്‍ രാഹുല്‍ 18നും ദീപക് ഹൂഡ 9നും ക്രുനാല്‍ പാണ്ഡ്യ പൂജ്യത്തിനും പുറത്തായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലി(44 പന്തില്‍ 61), ഫാഫ് ഡുപ്ലെസിസ്(46 പന്തില്‍ 79*), മാക്‌സ്‌വെല്‍ (29 പന്തില്‍ 59) എന്നിവരുടെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയത്. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ആര്‍സിബിക്ക് ഫലം നിരാശയായി. 

സ്റ്റോയിനിസ് തുടങ്ങി, പുരാന്റെ കൗണ്ടര്‍ പഞ്ച്! ആര്‍സിബിക്ക് നാട്ടിലും അടി; ലഖ്‌നൗവിന് ത്രസിപ്പിക്കുന്ന ജയം

Latest Videos
Follow Us:
Download App:
  • android
  • ios