നാണംകെട്ട് തല നിലത്ത് മുട്ടി റിയാന്‍ പരാഗ്; ഇത്ര ദയനീയ റെക്കോര്‍ഡ് നിലവില്‍ ആര്‍ക്കുമില്ല

ഐപിഎല്ലില്‍ കുറഞ്ഞത് 40 ഇന്നിംഗ്‌സുകള്‍ എങ്കിലും കളിച്ച താരങ്ങളില്‍ 5, 6 , 7 ബാറ്റിംഗ് പൊസിഷനുകളില്‍ ഏറ്റവും കുറവ് ബാറ്റിംഗ് ശരാശരിയുള്ള താരമാണ് റിയാന്‍ പരാഗ്

IPL 2023 Riyan parag created unwanted record in Indian premier league history jje

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ഇതുവരെ പിടികിട്ടാത്ത കാര്യമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേയിംഗ് ഇലവനില്‍ റിയാന്‍ പരാഗിന് എങ്ങനെ ഇത്രത്തോളം അവസരം ലഭിക്കുന്നു എന്നത്. നെറ്റ്‌സില്‍ നന്നായി കളിക്കുന്നു എന്ന് മാനേജ്‌മെന്‍റ് അവകാശപ്പെടുമ്പോഴും കളിക്കളത്തില്‍ ഇഴയുകയും അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയും ഫിനിഷറുടെ റോളിലേക്ക് ഇതുവരെ എത്താനും കഴിയാത്ത പരാഗിനെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. ആരാധകരുടെ പരാഗ് വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 

ഐപിഎല്ലില്‍ കുറഞ്ഞത് 40 ഇന്നിംഗ്‌സുകള്‍ എങ്കിലും കളിച്ച താരങ്ങളില്‍ 5, 6, 7 ബാറ്റിംഗ് പൊസിഷനുകളില്‍ ഏറ്റവും കുറവ് ബാറ്റിംഗ് ശരാശരിയുള്ള താരമാണ് റിയാന്‍ പരാഗ്. 16.29 മാത്രമാണ് പരാഗിന്‍റെ ബാറ്റിംഗ് ആവറേജ്. ബിഗ് ഹിറ്റുകള്‍ വേണ്ട ബാറ്റിംഗ് പൊസിഷനുകളില്‍ സ്‌ട്രൈക്ക് റേറ്റാവട്ടെ 123.93 മാത്രവും. 15.53 ബാറ്റിംഗ് ശരാശരിയുള്ള നമാന്‍ ഓജ മാത്രമേ ഈ ബാറ്റിംഗ് സ്ഥാനങ്ങളില്‍ പരാഗിനേക്കാള്‍ മോശമായുള്ളൂ. ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കാത്ത താരമാണ് ഓജ. ദീപക് ഹൂഡ(17.62), ഷാക്കിബ് അല്‍ ഹസന്‍(18.90), സ്റ്റുവര്‍ട്ട് ബിന്നി(20.39) എന്നിവര്‍ക്കും ഐപിഎല്ലില്‍ 5, 6, 7 ബാറ്റിംഗ് പൊസിഷനുകളില്‍ ദയനീയ ശരാശരിയേയുള്ളൂ. 

ഐപിഎല്ലില്‍ ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച റിയാന്‍ പരാഗിന് 54 റണ്‍സ് മാത്രമേയുള്ളൂ. 20 ആണ് ഉയര്‍ന്ന സ്കോര്‍ എങ്കില്‍ ശരാശരി 13.50 ഉം സ്‌ട്രൈക്ക് റേറ്റ് 112.50 ഉം ആണ്. മൂന്ന് വീതം ഫോറും സിക്‌സുകളും മാത്രമേ താരത്തിന് പതിനാറാം സീസണില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 10 റണ്ണിന് തോറ്റപ്പോള്‍ പരാഗ് 12 പന്തില്‍ ഓരോ ഫോറും സിക്‌സുമായി പുറത്താവാതെ നിന്നു. പരാഗിന്‍റെ ഫിനിഷ് മികവൊന്നും മത്സരത്തില്‍ കണ്ടില്ല. വമ്പന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടങ്ങളില്‍ പോലും പന്ത് തട്ടിയും മുട്ടിയും പ്രതിരോധിക്കാനായിരുന്നു റിയാന്‍ പരാഗിന്‍റെ ശ്രമം. സഹതാരം ദേവ്‌ദത്ത് പടിക്കലും പ്രതിരോധിച്ച് കളിച്ചതോടെ രാജസ്ഥാന്‍ ടീം ജയ്‌പൂരില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 

Read more: റിയാന്‍ പരാഗിനെ ഇനിയെങ്കിലും പുറത്തിരുത്തുമോ?; പ്രതികരിച്ച് കുമാര്‍ സംഗക്കാര

Latest Videos
Follow Us:
Download App:
  • android
  • ios