തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍; യഷ് ദയാലിനെ ആശ്വസിപ്പിച്ച് റിങ്കു സിംഗിന്‍റെ ഹൃദയസ്‌പര്‍ശിയായ സന്ദേശം
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍ മുഖംപൊത്തി കരയുകയായിരുന്നു യഷ് ദയാല്‍
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലര്‍ ഫിനിഷിംഗുകളില്‍ ഒന്നിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ഞായറാഴ്‌ച സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റിങ്കു സിംഗ് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. യഷ് ദയാല്‍ എറിഞ്ഞ ഓവറിലായിരുന്നു റിങ്കുവിന്‍റെ ഈ ബാറ്റിംഗ് താണ്ഡവം.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍ മുഖംപൊത്തി കരയുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാല്‍. എന്നാല്‍ മത്സര ശേഷം യഷിനെ ആശ്വസിപ്പിച്ച് റിങ്കു തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. 'മത്സര ശേഷം യഷ് ദയാലിന് ഞാന്‍ സന്ദേശം അയച്ചു. ഇതൊക്കെ ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്, നിങ്ങള്‍ കഴിഞ്ഞ വര്‍ഷം നന്നായി കളിച്ച താരമാണ്. ഞാന്‍ അവനെ കുറച്ചൊന്ന് പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ' എന്നുമാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് റിങ്കു സിംഗിന്‍റെ വാക്കുകള്‍.
ഇന്ത്യക്കായി കളിക്കുന്നത് സ്വപ്‌നം കാണുന്നു
'എല്ലാവരേയും പോലെ ടീം ഇന്ത്യക്കായി കളിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഐപിഎല്ലിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനവും മത്സരങ്ങള്‍ ജയിക്കാന്‍ സഹായിക്കുകയും തുടരണം. സുരേഷ് റെയ്‌നയാണ് എന്‍റെ മാതൃകാ താരം. അദേഹം മികച്ച ഫീള്‍ഡറും എന്നെ പോലെ ബാറ്റിംഗ് ക്രമത്തില്‍ താഴെയിറങ്ങുന്ന താരവുമാണ്. എന്‍റെ പിതാവ് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്‌തിട്ടുണ്ട്. ഞാനൊരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഗ്രൗണ്ടിന് പുറത്തേക്കടിച്ച ഓരോ പന്തുകളും എനിക്കായി ത്യാഗം ത്യജിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു' എന്നും റിങ്കു സിംഗ് അഭിമുഖത്തില്‍ വ്യക്തമാക്കി.
അവസാന ഓവറില്‍ തുടര്‍ച്ചയായി 5 സിക‌്‌സ്, അവിശ്വസനീയ ജയം
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ 204 റണ്‍സ് പിന്തുടര്‍ന്ന കെകെആറിന് അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. യഷ് ദയാലിന്‍റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ എടുത്തപ്പോള്‍ പിന്നീടുള്ള അഞ്ച് പന്തുകളും സിക്‌സറിന് പറത്തി റിങ്കു സിംഗ് കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ അമ്പരപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. റിങ്കു സിംഗ് 21 പന്തില്‍ ഒരു ഫോറും 6 സിക്‌സും സഹിതം 48* റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ 14 പന്തില്‍ എട്ട് റണ്‍സ് മാത്രം നേടിയ ശേഷം അടുത്ത ഏഴ് പന്തുകളില്‍ താരം 40 (6, 4, 6, 6, 6, 6, 6) റണ്‍സടിച്ചു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-204/4 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 207/7 (20).