കെകെആറിന് എതിരായ മത്സരത്തിന് മുമ്പ് ആര്‍സിബിക്ക് അടുത്ത തിരിച്ചടി; പേസറും കളിക്കില്ല
ഏപ്രില്‍ ആറാം തിയതിയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി. ആര്‍സിബിയുടെ ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്‌ലിക്ക് മത്സരം നഷ്‌ടമാകും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റ ടോപ്‌ലി പിന്നീട് കളിച്ചിരുന്നില്ല. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തോളെല്ലിന് പരിക്കേറ്റത്. വേദന കൊണ്ട് ടോപ്‌ലി പുളയുന്നത് റിപ്ലേ വീഡിയോകളില്‍ വ്യക്തമായിരുന്നു. ഫിസിയോ എത്തി പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷം താരത്തെ ഡ്രസിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കെകെആറിന് എതിരായ മത്സരം റീസ് ടോപ്‌ലിക്ക് നഷ്‌ടമാകും എന്ന് ഉറപ്പായിട്ടുണ്ട്.
ഏപ്രില്‍ ആറാം തിയതിയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. ഈ സീസണില്‍ പരിക്കിന്‍റെ തിരിച്ചടി ധാരാളമുണ്ടായ ടീമുകളിലൊന്നാണ് ആര്‍സിബി. പരിക്കേറ്റ വില്‍ ജാക്‌സിന് സീസണ്‍ നഷ്‌ടമായപ്പോള്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആദ്യഘട്ട മത്സരങ്ങളില്‍ കളിക്കുന്നില്ല. ആര്‍സിബിയുടെ രജത് പടീദാറിനും സീസണ്‍ നഷ്‌ടമാകും എന്നുറപ്പായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. വിരാട് കോലി-ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സുമായി ഒന്നാം വിക്കറ്റില്‍ ഗംഭീര തുടക്കം ടീമിന് നല്‍കിയപ്പോള്‍ 43 പന്തില്‍ 73 റണ്‍സെടുത്ത ഫാഫിനെയും അക്കൗണ്ട് തുറക്കാതെ ഡികെയേയും പുറത്താക്കാനേ മുംബൈ ബൗളര്‍മാര്‍ക്കായുള്ളൂ. വിരാട് കോലിയും(49 പന്തില്‍ 82*), ഗ്ലെന്‍ മാക്‌സ്‌വെല്ലും(3 പന്തില്‍ 12*) ആര്‍സിബിയെ 16.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്തിച്ചു. സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഫാഫ് ഡുപ്ലസിസും സംഘവും അടുത്ത അങ്കത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുക.
'എനിക്ക് അദേഹത്തെ പോലെ സ്ഥിരതയുള്ള താരമാകണം'; ഇതിഹാസത്തിന്‍റെ പേരുമായി റുതുരാജ് ഗെയ്‌ക്‌വാദ്