അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ മങ്കാദിങ് ഡ്രാമ; എന്തുകൊണ്ട് ഔട്ട് വിധിച്ചില്ല?
ഹര്‍ഷല്‍ പട്ടേല്‍ 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്
ബെംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ അവസാന ഓവറിനാണ് ക്രിക്കറ്റ് ലോകം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തില്‍ സാക്ഷ്യം വഹിച്ചത്. ആര്‍സിബി മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ പിന്തുടരവേ ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറിലെ അവസാന പന്തില്‍ നാടകീയതയേറിയ മങ്കാദിങ് റണ്ണൗട്ട് ശ്രമമുണ്ടായിരുന്നു. ലഖ്‌നൗ വാലറ്റ താരം രവി ബിഷ്‌ണോയിക്ക് എതിരെയായിരുന്നു ഇത്. എന്നാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ല. പിന്നാലെ മത്സരം ഒരു വിക്കറ്റിന് ലഖ്‌നൗ വിജയിക്കുകയും ചെയ്തു.
നാടകീയം സംഭവങ്ങള്‍
ഹര്‍ഷല്‍ പട്ടേല്‍ 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് മാര്‍ക്ക് വുഡും ജയ്‌ദേവ് ഉനദ്‌കട്ടും. ആദ്യ പന്തിലെ യോര്‍ക്കറില്‍ ഉനദ്‌കട്ട് സിംഗിള്‍ എടുത്തു. തൊട്ടടുത്ത ബോള്‍ സ്ലോ ലോ ഫുള്‍ട്ടോസായപ്പോള്‍ മാര്‍ക്ക് വുഡ് ബൗള്‍ഡായി. മൂന്നാം പന്തില്‍ രവി ബിഷ‌്‌ണോയി ഡബിള്‍ നേടിയതോടെ സമനിലയ്‌ക്കും ഒന്നും വിജയത്തിന് രണ്ടും റണ്‍സ് മതിയെന്നായി. നാലാം പന്തില്‍ ബിഷ്‌ണോയി സിംഗിള്‍ നേടിയതോടെ ഇരു ടീമുകളുടേയും സ്കോര്‍ തുല്യമായി. അഞ്ചാം പന്തില്‍ ലോംഗ് ഓണില്‍ ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ ഉനദ്‌കട്ട് പുറത്തായതോടെ നാടകീയത അവസാന പന്തിലേക്ക് നീണ്ടു. ഒരു പന്തില്‍ 1 വിക്കറ്റ് കയ്യിലിരിക്കേ ലഖ്‌നൗവിന് ജയിക്കാന്‍ ഒരു റണ്‍സ്.
അവസാന പന്ത് എറിയാനെത്തുമ്പോള്‍ ക്രീസ് വിട്ടിറങ്ങിയ ബിഷ്‌ണോയിയെ ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതോടെ അവസാന പന്ത് വീണ്ടും എറിയണമെന്നായി. ഈ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ ആവേശ് ഖാനായില്ല. എന്നാല്‍ വിജയിക്കാന്‍ ബൈ റണ്ണാനായി ആവേശും ബിഷ്‌ണോയിയും ഓടി. റണ്ണൗട്ടിനായുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ത്രോ സ്റ്റംപില്‍ കൊള്ളാതിരുന്നതോടെ ലഖ്‌നൗ ഒരു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.
എന്തുകൊണ്ടത് വിക്കറ്റല്ല
അവസാന പന്തായതിനാല്‍ നോണ്‍ സ്‌ട്രൈക്കറായ രവി ബിഷ്‌ണോയി നേരത്തെ ഓടാന്‍ ശ്രമിച്ചേക്കാം എന്ന് മനസിലാക്കിയാണ് ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസ് കടന്ന് ബൗളിംഗ് ആക്ഷന്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹര്‍ഷല്‍ മങ്കാദിങ്ങിന് ശ്രമിച്ചത്. ആദ്യ ശ്രമത്തില്‍ ബിഷ്ണോയിയെ പുറത്താക്കാന്‍ ഹര്‍ഷലിനായില്ല. പിന്നീട് ത്രോ എറിഞ്ഞ് രണ്ടാം ശ്രമത്തില്‍ സ്റ്റംപ് പിഴുതെങ്കിലും ആര്‍സിബി താരങ്ങളുടെ അപ്പീല്‍ തള്ളിക്കളഞ്ഞ് അംപയര്‍ പന്ത് വീണ്ടും എറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മങ്കാദിങ്ങിലൂടെ നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കണമെങ്കില്‍ ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പോ അതുമല്ലെങ്കില്‍ പാതി പൂര്‍ത്തിയാക്കും മുമ്പോ വേണം എന്നാണ് ക്രിക്കറ്റ് നിയമത്തില്‍ പറയുന്നത്. ബിഗ് ബാഷ് ട്വന്‍റി 20 ക്രിക്കറ്റില്‍ ആദം സാംപയുടെ സമാനമായ മങ്കാദിങ് ശ്രമം അംപയര്‍ നിരാകരിച്ചിരുന്നു.