കൊല്‍ക്കത്തയുടെ ജയമധുരം അധികം നീണ്ടില്ല; ജേസന്‍ റോയിക്കെതിരെ അച്ചടക്ക നടപടി

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത ജേസന്‍ റോയി 29 പന്തില്‍ 56 റണ്‍സ് നേടി തിളങ്ങിയിരുന്നു

IPL 2023 RCB vs KKR Kolkata Knight Riders batter Jason Roy fined 10 percentage of match fees for Code of Conduct breach jje

ബെംഗളൂരു: ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ജേസന്‍ റോയിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലെ വീഴ്‌ചയ്‌ക്കാണ് റോയിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമുള്ള ലെവല്‍ വണ്‍ കുറ്റം റോയി ചെയ്‌തതായാണ് റഫറിയുടെ മാച്ച് കണ്ടെത്തല്‍. മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ് എന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിന് ചേരാത്ത രീതിയിലുള്ള താരങ്ങളുടെ പെരുമാറ്റങ്ങളാണ് ആര്‍ട്ടിക്കിള്‍ 2.2വില്‍ ഉള്‍പ്പെടുന്നത്. 

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത ജേസന്‍ റോയി 29 പന്തില്‍ 56 റണ്‍സ് നേടി തിളങ്ങിയിരുന്നു. എന്‍ ജഗദീശനൊപ്പം ഓപ്പണിംഗില്‍ 83 റണ്‍സ് റോയി ചേര്‍ത്തിരുന്നു. റോയിക്ക് പുറമെ എന്‍ ജഗദീശനും(27 പന്തില്‍ 27), വെങ്കടേഷ് അയ്യരും(26 പന്തില്‍ 31), ക്യാപ്റ്റന്‍ നിതീഷ് റാണയും(21 പന്തില്‍ 48), റിങ്കു സിംഗും(10 പന്തില്‍ 18*), ഡേവിഡ് വീസും(3 പന്തില്‍ 12*) തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സ് ചേര്‍ത്തു. മത്സരം കെകെആര്‍ 21 റണ്‍സിന് വിജയിക്കുകയും ചെയ്‌തു. വനിന്ദു ഹസരങ്കയും വിജയകുമാര്‍ വൈശാഖും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ 37 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയും 18 പന്തില്‍ 34 സ്വന്തമാക്കിയ മഹിപാല്‍ ലോംററും മാത്രമാണ് ആര്‍സിബിക്കായി തിളങ്ങിയത്. 18 പന്തില്‍ 22 നേടിയ ദിനേശ് കാര്‍ത്തിക്കിന് ഫിനിഷറുടെ റോളിലേക്ക് ഉയരാനായില്ല. ഇംപാ‌ക്‌ട് പ്ലെയറായി എത്തിയ ഫാഫ് ഡുപ്ലസിസ് വേഗം സ്കോര്‍ ചെയ്‌ത് തുടങ്ങിയെങ്കിലും 7 പന്തില്‍ 17 റണ്ണെടുത്ത് നില്‍ക്കേ പുറത്തായി. ഷഹ്‌ബാസ് അഹമ്മദ്(5 പന്തില്‍ 2), ഗ്ലെന്‍ മാക്‌സ്‌വെല്‍(4 പന്തില്‍ 5) എന്നിവരും ബാറ്റിംഗ് പരാജയമായി. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി മൂന്നും സുയാഷ് ശര്‍മ്മയും ആന്ദ്രേ റസലും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. 

Read more: സഞ്ജു മൂന്നാം നമ്പറില്‍ വരട്ടെ, ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കും; പറയുന്നത് മുന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios