നിർണായക പോരിനിടെ ആര്‍സിബിക്ക് അശുഭ വാർത്ത; വീണ്ടും പരിക്ക് തന്നെ വില്ലൻ, വിദേശ പേസര്‍ പുറത്ത്
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റ ടോപ്‌ലി പിന്നീട് കളിച്ചിരുന്നില്ല. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തോളെല്ലിന് പരിക്കേറ്റത്
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണില്‍ ആര്‍സിബിക്ക് വൻ തിരിച്ചടിയായി വീണ്ടും പരിക്ക്. ആര്‍സിബിയുടെ ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്‌ലിക്ക് ഈ സീസണ്‍ നഷ്ടമാകും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റ ടോപ്‌ലി പിന്നീട് കളിച്ചിരുന്നില്ല. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തോളെല്ലിന് പരിക്കേറ്റത്. വേദന കൊണ്ട് ടോപ്‌ലി പുളയുന്നത് റിപ്ലേ വീഡിയോകളില്‍ വ്യക്തമായിരുന്നു.
ഫിസിയോ എത്തി പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷം താരത്തെ ഡ്രസിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കെകെആറിനെതിരായ ഇന്നത്തെ മത്സരം ടോപ്‍ലിക്ക് നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍, മത്സരം പുരോഗമിക്കുന്നതിനിടെയാണ് ആര്‍സിബി ആരാധകരെ ആശങ്കയിലാഴ്ത്തി താരത്തിന് ടൂര്‍ണമെന്‍റ് തന്നെ നഷ്ടമാകുമെന്ന വാര്‍ത്ത എത്തിയത്.
ഈ സീസണില്‍ പരിക്കിന്‍റെ തിരിച്ചടി ധാരാളമുണ്ടായ ടീമുകളിലൊന്നാണ് ആര്‍സിബി. പരിക്കേറ്റ വില്‍ ജാക്‌സിന് സീസണ്‍ നഷ്‌ടമായപ്പോള്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആദ്യഘട്ട മത്സരങ്ങളില്‍ കളിക്കുന്നില്ല. ആര്‍സിബിയുടെ രജത് പടീദാറിനും സീസണ്‍ പരിക്ക് മൂലം നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. അതേസമയം, ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം കൊതിച്ചെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെതിരെ മികച്ച സ്കോര്‍ സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് കുറിച്ചത്. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. ആര്‍സിബിക്ക് വേണ്ടി ഡേവിഡ് വില്ലിയും കരണ്‍ ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിരാട് കോലിയെയും നായകൻ ഫാഫ് ഡുപ്ലസിയെയും മാക്സ്‍വെല്ലിനെയും ആര്‍സിബിക്ക് നഷ്ടമായി. 18 പന്തില്‍ 21 റണ്‍സെടുത്ത കോലിയെ സുനില്‍ നരെയ്നാണ് പുറത്താക്കിയത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഡുപ്ലസിയെയും അഞ്ച് റണ്‍സെടുത്ത മാക്സ്‍വെല്ലിനെയും വരുണ്‍ ചക്രവര്‍ത്തിയും വീഴ്ത്തി.