പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം
റഹ്‌മാനുള്ള ഗുര്‍ബാസ് 39 പന്തില്‍ 5 ഫോറും 7 സിക്‌സറും സഹിതം 81 റണ്ണെടുത്ത് നില്‍ക്കവേയാണ് അഫ്‌ഗാന്‍ സഖ്യം പ്രിയ സുഹൃത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ആരാധകര്‍ സാക്ഷികളായത് അപൂര്‍വ നിമിഷത്തിന്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി തകര്‍ത്തടിച്ച അഫ്‌ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് അഫ്‌ഗാന്‍ ടീമിലെ സഹതാരങ്ങളായ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന്‍റെ പന്തിലും റാഷിദ് ഖാന്‍റെ ക്യാച്ചിലുമായിരുന്നു. ജേസന്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ റഹ്‌മാനുള്ള ഗുര്‍ബാസ് 39 പന്തില്‍ 5 ഫോറും 7 സിക്‌സറും സഹിതം 81 റണ്ണെടുത്ത് നില്‍ക്കവേയാണ് അഫ്‌ഗാന്‍ സഖ്യം പ്രിയ സുഹൃത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്. നൂറിനെ സിക്‌സര്‍ പറത്താനുള്ള ഗുര്‍ബാസിന്‍റെ ശ്രമമാണ് റാഷിദിന്‍റെ കൈകളില്‍ അവസാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 179 റണ്‍സെടുത്തു. 81 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസ് തന്നെയാണ് ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ എന്‍ ജഗദീശന്‍ 19 റണ്‍സെടുത്ത് പുറത്തായി. ഷര്‍ദ്ദുല്‍ താക്കൂര്‍ പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ക്കും(11), ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്കും(4) തിളങ്ങാനായില്ല. വെടിക്കെട്ട് വീരന്‍ റിങ്കു സിംഗ് 19 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 34 റണ്‍സെടുത്ത് ഷമിയുടെ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ മടങ്ങി. ഒരു സിക്‌സ് നേടിയ ഡേവിഡ് വീസ് 6 പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു.
ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് ഷമി മൂന്നും ജോഷ്വാ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്‌ത്തി. റഹ്‌മാനുള്ള ഗുര്‍ബാസിന് പുറമെ റിങ്കു സിംഗിന്‍റെ വിക്കറ്റും നൂര്‍ അഹമ്മദിനായിരുന്നു.
Read more: കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരന്‍ ജേസന്‍ റോയി ഇന്ന് ടീമിലില്ല! എന്തുപറ്റി?