ഓപ്പണറായി ബട്‌ലര്‍ക്ക് പകരം അശ്വിന്‍, പഞ്ചാബിനെതിരെ തുടക്കം പാളി രാജസ്ഥാന്‍; പ്രതീക്ഷ സഞ്ജുവില്‍
കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് യശസ്വി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാനിയിരുന്നു. ക്യാച്ചെടുക്കുന്നതിനിടെ ജോസ് ബട്‌ലറുടെ വിരലിന് പരിക്കേറ്റതോടെയാണ് ബട്‌ലര്‍ക്ക് പകരം അശ്വിന്‍ ഓപ്പണാറായത്.
ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടക്കം പിഴച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ ദേവ്ദത്ത് പടിക്കലും11 പന്തില്‍ 25 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ക്രീസില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്‍റെയും ആര്‍ അശ്വിന്‍റെയും ജോസ് ബട്‌ലറുടെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. പഞ്ചാബിനായി അര്‍ഷ്ദീപ് രണ്ടും നേഥന്‍ എല്ലിസ് ഒരു വിക്കറ്റുമെടുത്തു.
പവര്‍ പ്ലേ പവര്‍
കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് യശസ്വി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനായിരുന്നു. ക്യാച്ചെടുക്കുന്നതിനിടെ ജോസ് ബട്‌ലറുടെ വിരലിന് പരിക്കേറ്റതോടെയാണ് ബട്‌ലര്‍ക്ക് പകരം അശ്വിന്‍ ഓപ്പണാറായത്. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സാം കറനെ യശസ്വി സിക്സിന് പറത്തിയെങ്കിലും ആദ്യ ഓവറില്‍ ഏഴ് റണ്‍സ് നേടാനെ രാജസ്ഥാന് കഴിഞ്ഞുള്ളു. രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സിംഗിനെയും ബൗണ്ടറിയടിച്ചാണ് യശസ്വി വരവേറ്റത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ യശസ്വിയെ(11) ഷോര്‍ട്ട് കവറില്‍ മാത്യു ഷോര്‍ട്ടിന്‍റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് തിരിച്ചടിച്ചു. ജോസ് ബട്‌ലര്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും സാം കറന്‍റെ പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ കൈവിട്ടത് ആശ്വാസമായി. നാലാം ഓവറില്‍ അശ്വിനെ(0) റണ്ണെടുക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ അര്‍ഷ്ദീപിനെ സിക്സ് അടിച്ച് ഇന്നിംഗ്സ് തുറന്ന സഞ്ജുവിന് പിന്നാലെ ബട്‌ലറും സിക്സ് അടിച്ചതോടെ രാജസ്ഥാന്‍ പവര്‍ കാട്ടി.
അഞ്ചാം ഓവറില്‍ ഹര്‍പ്രീത് ബ്രാറിനെ രണ്ട് തവണ ബൗണ്ടറി കടത്തിയ സഞ്ജു ആറാം ഓവറില്‍ നേഥന്‍ എല്ലിസിനെതിരെയും തുടര്‍ച്ചയായി ബൗണ്ടറി നേടി രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബട്‌ലറെ(11 പന്തില്‍ സ്വന്തം ബൗളിംഗില്‍ പിടിച്ച എല്ലിസ് രാജസ്ഥാന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചത്. 56 പന്തില്‍ 86 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. പ്രഭ്‌സിമ്രാൻ സിംഗ് 34 പന്തില്‍ 60 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.