പടിക്കലും പരാഗും പുറത്താകുമോ; സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് രാഹുലിന്‍റെ ലഖ്നൗവിനെതിരെ; സാധ്യതാ ടീം
സഞ്ജു സാംസണിന്‍റെയും ഷിമ്രോൺ ഹെറ്റ്മയറിന്‍റെയും വെടിക്കെട്ടാണ് ഗുജറാത്തിനെതിരെ രാജസ്ഥാന് കരുത്തായത്. ജോസ് ബട്‍ലർ,യശസ്വി ജയ്സ്വാൾ, ഓപ്പണിംഗ് സഖ്യമാണ് രാജസ്ഥാന്‍റെ കരുത്ത്. ഈ സീസണില്‍ ഓവറില്‍ 11.20 ശരാശരിയില്‍ റണ്‍സ് നേടുന്ന ബട്‌ലര്‍-യശസ്വി സഖ്യം എതിരാളികള്‍ക്ക് തലവേദനയാണ്.
ജയ്പൂര്‍: ഐപിഎല്ലിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. ജയ്പൂരില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ലഖ്നൗ ഇറങ്ങുന്നതെങ്കില്‍ വിജയം തുടരാനാണ് രാജസ്ഥാന്‍ ഇറങ്ങുന്നുത്. ജയത്തോടെ പ്ലേഓഫിലേക്ക് ഒരു പടികൂടി അടുക്കുകയാണ് രാജസ്ഥാന്‍റെ ലക്ഷ്യം.
സഞ്ജു സാംസണിന്‍റെയും ഷിമ്രോൺ ഹെറ്റ്മയറിന്‍റെയും വെടിക്കെട്ടാണ് ഗുജറാത്തിനെതിരെ രാജസ്ഥാന് കരുത്തായത്. ജോസ് ബട്‍ലർ,യശസ്വി ജയ്സ്വാൾ, ഓപ്പണിംഗ് സഖ്യമാണ് രാജസ്ഥാന്‍റെ കരുത്ത്. ഈ സീസണില്‍ ഓവറില്‍ 11.20 ശരാശരിയില്‍ റണ്‍സ് നേടുന്ന ബട്‌ലര്‍-യശസ്വി സഖ്യം എതിരാളികള്‍ക്ക് തലവേദനയാണ്. മറുവശത്ത് നായകന്‍ കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്ക് കാരണം ലഖ്നൗ ഓപ്പണിംഗ് ജോഡി നേടുന്നത് ഓവറില്‍ 8.43 റണ്‍സ് മാത്രം. പവര്‍ പ്ലേയില്‍ റോയല്‍സ് ഓവറില്‍ 9.76 ശരാശരിയില്‍ സ്കോര്‍ ചെയ്യുമ്പോള്‍ ലഖ്നൗവിന് സ്കോര്‍ ചെയ്യാനായത് 8.03 നിരക്കില്‍ മാത്രം. അതും കെയ്ല്‍ മയേഴ്സിന്‍റെ വെടിക്കെട്ട് കാരണം. കളിച്ച എല്ലാ മത്സരത്തിലും 170ന് മുകളിൽ സ്കോർ ചെയ്യാൻ രാജസ്ഥാനായി എന്നതും ശ്രദ്ധേയമാണ്.
പരാഗും പടിക്കലും തലവേദന
അശ്വിൻ വരെ നീളുന്ന ബാറ്റിംഗ് നിര താളംകണ്ടെത്തിക്കഴിഞ്ഞെങ്കിലും ദേവ്ദത്ത് പടിക്കലിന്‍റെ മെല്ലെപ്പോക്കും റിയാന്‍ പരാഗിന്‍റെ ഫോമില്ലായ്മയുമാണ് രാജസ്ഥാന്‍റെ തലവേഗന. മധ്യനിരയില്‍ ഇറങ്ങുന്ന പടിക്കലിന് ഇതുവരെ അതിവേഗ സ്കോറിംഗ് സാധ്യമായിട്ടില്ല. റിയാന്‍ പരാഗ് ആകട്ടെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും തുടര്‍ച്ചയായി അവസരങ്ങളും ലഭിക്കുന്നു. ബൗളിംഗില്‍ ട്രെന്‍റ് ബോൾട്ട് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയപ്പോള്‍ സന്ദീപ് ശർമ അവസരത്തിനൊത്ത് ഉയര്‍ന്നു. ചാഹൽ, അശ്വിൻ, സാമ്പ ത്രയത്തിന്‍റെ സ്പിൻ മികവ് മറികടക്കുക ലഖ്നൗവിന് വെല്ലുവിളിയാകും.
മറുവശത്ത് ലഖ്നൗ നിരയിൽ പ്രതിഭാധാരാളിത്തമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് പ്രശ്നം. അഞ്ച് കളിയിൽ മൂന്ന് ജയവും രണ്ട് തോൽവിയുമാണ് ലഖ്നൗവിനുള്ളത്. .ക്യാപ്റ്റൻ കെഎൽ രാഹുൽ, കൈൽ മയേഴ്സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ തുടങ്ങി മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള ബാറ്റിംഗ് നിര ലഖ്നൗവിനുണ്ട്. ആവേശ് ഖാന്‍റെ മോശം ഫോമാണ് ബൗളിംഗിലെ ആശങ്ക. നേർക്കുനേർ പോരാട്ടത്തിൽമത്സരിച്ച രണ്ടിലും രാജസ്ഥാനായിരുന്നു ജയം.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ , ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ആദം സാമ്പ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് സാധ്യതാ ഇലവന്‍: കെ എൽ രാഹുൽ, കെയ്ൽ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബഡോണി, കെ ഗൗതം, അവേഷ് ഖാൻ, മാർക്ക് വുഡ്, യുധ്വീർ സിംഗ്/അമിത് മിശ്ര.