പഞ്ചാബ് കിംഗ്സിനെതിരെ ആര്‍സിബിക്ക് ടോസ്, ബാംഗ്ലൂരിന്‍റെ നായകനായി വീണ്ടും വിരാട് കോലി
അഞ്ചില്‍ മൂന്ന് കളികള്‍ തോറ്റ ആര്‍സിബി എട്ടാം സ്ഥാനത്താണ്. പഞ്ചാബ് ആകട്ടെ വിജയം തുടരാനാണ് ഇറങ്ങുന്നത്. അഞ്ച് കളിയില്‍ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണവര്‍.
മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പഞ്ചാബിനെ നയിക്കാന്‍ ഇന്നും ശിഖര്‍ ധവാനില്ല. ധവാന്‍റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നായകനായ സാം കറന്‍ തന്നെയാണ് ഇന്നും പഞ്ചാബിന്‍റെ നായകനാകുന്നത്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനില്‍ എത്തിയെന്നതാണ് ഇന്ന് പ്രധാന മാറ്റം. കാഗിസോ റബാഡക്ക് പകരം പേസര്‍ നേഥന്‍ എല്ലിസും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
മറുവശത്ത് നായകന്‍ ഫാഫ് ഡൂപ്ലെസിയില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. ഡൂപ്ലെസിയുടെ അഭാവത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ന് ബാംഗ്ലൂരിനെ നയിക്കുന്നത്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഡൂപ്ലെസിയുടെ വയറിന് പരിക്കേറ്റിരുന്നു. ഡൂപ്ലെസി ഫീല്‍ഡിംഗിന് ഇറങ്ങില്ലെങ്കിലും ഇംപാക്ട് പ്ലേയറായി ബാറ്റിംഗിനിറങ്ങുമെന്ന് കോലി ടോസ് സമയത്ത് പറഞ്ഞു.
അഞ്ചില്‍ മൂന്ന് കളികള്‍ തോറ്റ ആര്‍സിബി എട്ടാം സ്ഥാനത്താണ്. പഞ്ചാബ് ആകട്ടെ വിജയം തുടരാനാണ് ഇറങ്ങുന്നത്. അഞ്ച് കളിയില്‍ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് , വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായി, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിംഗ് ഭാട്ടിയ, ലിയാം ലിവിംഗ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, നഥാൻ എല്ലിസ്, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.