ഗുജറാത്ത് വീണ്ടും ഒന്നാമത്; ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ രാജസ്ഥാന്‍ തലപ്പത്ത്; ചെന്നൈയ്ക്കും സാധ്യത
ഇന്ന് നടക്കുന്ന എവേ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താം.
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തതോടെ ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം. രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകള്‍ എട്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയന്‍റുമായാണ് ഗുജറാത്ത് ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനവുമായി ഒന്നാം സ്ഥാനത്ത് എത്തിയത്.
എട്ട് കളികളില്‍ അഞ്ച് ജയവുമായി 10 പോയന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളാണ് യഥാക്രമം രണ്ട് മൂന്ന് നാല് സ്ഥാനങ്ങളില്‍. മികച്ച നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാന്‍ രണ്ടാമതുളളപ്പോള്‍ ലഖ്നൗ മൂന്നാമതും ചെന്നൈ നാലാമതുമാണ്.
ഇന്ന് നടക്കുന്ന എവേ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താം. നേരിയ വിജയമാണെങ്കില്‍ പോലും ഗുജറാത്ത്, ലഖ്നൗ, ചെന്നൈ ടീമുകള്‍ക്കെതിരെ മികച്ച നെറ്റ് റണ്‍ റേറ്റുള്ളത് രാജസ്ഥാന് അനുകൂല ഘടകമാണ്. ഗുജറാത്തിന് +0.64 ആണ് നെറ്റ് റണ്‍റേറ്റെങ്കില്‍ രാജസ്ഥാന് 0.94 എന്ന മികച്ച നെറ്റ് റണ്‍റേറ്റുണ്ട്.
ഇഷാന് പകരം വിഷ്ണു വിനോദ്? രോഹിത് ശര്‍മയും സഞ്ജു സാംസണും ഇന്ന് നേര്‍ക്കുനേര്‍- സാധ്യതാ ഇലവന്‍
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-പഞ്ചാബ് കിംഗ്സസെനിതെ ജയിക്കുകയും മുംബൈയോട് രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് വീഴും. നാളെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് പോരാട്ടത്തില്‍ കെ എല്‍ രാഹുലിന്‍റെ ടീം ജയിച്ചാല്‍ രാജസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇന്നത്തെ ജയം രാജസ്ഥാന് നിര്‍ണായകമാണ്.
മറുവശത്ത് ഇന്ന് രാജസ്ഥാനെ വീഴ്ത്തിയാല്‍ മുംബൈക്ക് ഒമ്പതാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. നിലവില്‍ ഏഴ് കളികളില്‍ ആറ് പോയന്‍റ് മാത്രമുള്ള മുംബൈ ഒമ്പതാമതാണ്. എട്ട് കളികളില്‍ രണ്ട് ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമാണ് മുംബൈക്ക് പിന്നിലുള്ളത്.