ഐപിഎല്‍: തലപ്പത്ത് സഞ്ജുവും കൂട്ടരും തന്നെ; കനത്ത ഭീഷണിയുയര്‍ത്തി രണ്ട് ടീമുകള്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു

IPL 2023 Point table after PBKS vs GT Match Rajasthan Royals continues at top jje

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ പോയിന്‍റ് പട്ടിക പരിശോധിച്ചാൽ നാലിൽ മൂന്ന് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാൻ റോയൽസാണ് മികച്ച റൺശരാശരിയോടെ ഒന്നാം സ്ഥാനത്ത്. രാജസ്ഥാനുള്ളത് ആറ് പോയിന്‍റും +1.588 റണ്‍ ശരാശരിയിലും. നാല് കളികളില്‍ ആറ് പോയിന്‍റ് വീതവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തൊട്ടുപിന്നിലുണ്ട്. ലഖ്‌നൗവിന് +1.048 ഉം ടൈറ്റന്‍സിന് +0.341 ഉം ആണ് നെറ്റ് റണ്‍ റൈറ്റ്. ഇതോടെ തലപ്പത്ത് മൂന്ന് ടീമുകള്‍ തമ്മില്‍ പോരാട്ടം കടുത്തു. പിന്നീടുള്ള സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മോശമല്ല. 

മൂന്നില്‍ രണ്ട് മത്സരങ്ങൾ ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, നാലില്‍ രണ്ട് വീതം ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളാണ് നാല് പോയിന്‍റോടെ നാല് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ ഉള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്ക് മൂന്ന് മത്സരങ്ങളില്‍ ഓരോ ജയമുണ്ട്. അവസാന സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റല്‍സിന് കളിച്ച നാല് മത്സരത്തിലും ജയിക്കാനായില്ല. ഡേവിഡ് വാര്‍ണറിനും സംഘത്തിനും അതിനാല്‍ ഇനിയുള്ള എല്ലാ കളികളും നിര്‍ണായകമാണ്. 

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ്മ 18 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് ശേഷിക്കേ ബൗണ്ടറിയുമായി രാഹുല്‍ തെവാട്ടിയ മത്സരം ഫിനിഷ് ചെയ്‌തു. 

ശുഭ്മാന്‍ ഗില്‍ തുടങ്ങി, തെവാട്ടിയ തീര്‍ത്തു! പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

Latest Videos
Follow Us:
Download App:
  • android
  • ios