മുന്നിലുള്ളത് അഞ്ച് കളികള്‍, പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇനി മരണപ്പോരാട്ടം
ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫില്‍ കളിക്കാം. മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്ററും അതില്‍ ജയിച്ചാല്‍ ക്വാളിഫയറും കളിക്കേണ്ടിവരും
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുട്ടുകുത്തിച്ചതിന്‍റെ ആവേശത്തില്‍ മുംബൈയെ നേരിടാനിറങ്ങി അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇനി ബാക്കിയുള്ള അഞ്ച് കളികളും നിര്‍ണായകമാകും. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ അഞ്ച് ജയവും നാലു തോല്‍വിയുമടക്കം 10 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 12 പോയന്‍റുള്ള ഗുജറാത്ത് ഒന്നാമതും 10 പോയന്‍റുള്ള ലഖ്നൗ രണ്ടാമതുമുള്ളപ്പോള്‍ നെറ്റ് റണ്‍ റേറ്റില്‍ ചെന്നൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രാജസ്ഥാന്‍ മൂന്നാമതായത്.
ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫില്‍ കളിക്കാം. മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്ററും അതില്‍ ജയിച്ചാല്‍ ക്വാളിഫയറും കളിക്കേണ്ടിവരും. ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലില്‍ എത്താം. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമുമമായി ക്വാളിഫയറില്‍ ഒരവസരം കൂടി ലഭിക്കും.
വരുന്ന വെള്ളിയാഴ്ചയെ ഇനി രാജസ്ഥാന് മത്സരമുള്ളു. ഹോം മത്സരത്തില്‍ എതിരാളികളാകുന്നത് പക്ഷെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്താണെന്നതിനാല്‍ ഇനിയൊരു തോല്‍വി രാജസ്ഥാന് ചിന്തിക്കാനാനാവില്ല. മെയ് ഏഴിന് ഹൈദരാബാദിനെതിരെ വീണ്ടും രാജസ്ഥാന് ഹോം മത്സരമുണ്ട്. 11ന് കൊല്‍ക്കത്തക്കെതിരെ എവേ മത്സരം കളിക്കുന്ന രാജസ്ഥാന്‍ 14ന് ഹോം മത്സരത്തില്‍ ആര്‍സിബിയെയും 19ന് എവേ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെയും നേരിടും. ഹൈദരാബാദ്, ആര്‍സിബി എന്നിവര്‍ക്കെതിരായ മത്സരവും കൊല്‍ക്കത്തക്കെതിരായ ഏവേ മത്സരവും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായെങ്കിലും റോയല്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താം.
മുംബൈക്കെതിരായ തോല്‍വി; രണ്ടാം സ്ഥാനം കൈവിട്ട് സഞ്ജുവിന്‍റെ രാജസ്ഥാന്‍, ലഖ്നൗവിന് നേട്ടം, ചെന്നൈക്ക് തിരിച്ചടി
ശേഷിക്കുന്ന അഞ്ച് കളികളും ജയിച്ചാല്‍ പരമാവധി 20 പോയന്‍റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് റോയല്‍സിന് ഉറപ്പാക്കാം. ഇനിയൊരു തോല്‍വി പ്ലേ ഓഫ് പ്രതീക്ഷകള്‍ വെളത്തിലാക്കുമെന്നതിനാല്‍ വെള്ളിയാഴ്ച ഗുജറാത്തിനെതിരായ മത്സരത്തില്‍ ജയം മാത്രം ലക്ഷ്യമിട്ടാവും രാജസ്ഥാന്‍ ഇറങ്ങുക. ഗുജറാത്തിനാകട്ടെ ആറ് കളികള്‍ ശേഷിക്കുന്നുണ്ട്. ആറും ജയിച്ചാല്‍ അ24 പോയന്‍റ് നേടാനാവും. നാലെണ്ണമെങ്കിലും ഗുജറാത്ത് ജയിച്ചാല്‍ അവര്‍ക്കും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാം.