ഒറ്റക്ക് പൊരുതി ശിഖര്‍ ധവാന്‍; 99 നോട്ടൗട്ട്; പഞ്ചാബിനെതിരെ ഹൈദരാബാദിന് 144 റണ്‍സ് വിജയലക്ഷ്യം
പഞ്ചാബിന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച പ്രഭ്‌സിമ്രാന്‍ സിംഗിനെ(0) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഹൈദരാബാദ്: ഐപിഎല്ലില്‍ നായകന്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടം കണ്ട മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു.നായകന്‍ ശിഖര്‍ ധവാന്‍ 66 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.88-9ല്‍ ഒത്തു ചേര്‍ന്ന ധവാനും അവസാന ബാറ്ററായ മൊഹിത് റാത്തീയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇതില്‍ റാത്തീയുടെ സംഭാവന ഒരു റണ്‍സ് മാത്രമായിരുന്നു. ധവാന് പുറമെ 22 റണ്‍സെടുത്ത സാം കറന്‍ മാത്രമെ പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സ് അടിച്ച ധവാന് ഒരു റമ്‍സകലെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നഷ്ടമായി. 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മായങ്ക് മാര്‍ക്കണ്ഡെ ആണ് പഞ്ചാബിനെ തകര്‍ത്തത്. ഉമ്രാന്‍ മാലിക്കും മാര്‍ക്കോ ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതല്‍ തകര്‍ച്ച, തല ഉയര്‍ത്തി ധവാന്‍
പഞ്ചാബിന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച പ്രഭ്‌സിമ്രാന്‍ സിംഗിനെ(0) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഓവറില്‍ മാര്‍ക്കോ ജാന്‍സണും പഞ്ചാബിന് പ്രഹരമേല്‍പ്പിച്ചു. അരങ്ങേറ്റക്കാരന്‍ മാത്യു ഷോര്‍ട്ടിനെ(1) ജാന്‍സന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.പിന്നാലെയെത്തിയ ജിതേഷ് ശര്‍മയെയും(4) ജാന്‍സന്‍ തന്നെ വീഴ്ത്തിയതോടെ പഞ്ചാബ് 22-3ലേക്ക് കൂപ്പുകുത്തി.
പിന്നീട് സാം കറനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം. സ്കോര്‍ 50 കടന്നതിന് പിന്നാലെ ഒമ്പതാം ഓവറില്‍ കറനെ(22) മടക്കി മായങ്ക് മാര്‍ക്കണ്ഡെ പഞ്ചാബിന്‍റെ കാറ്റൂരി വിട്ടു. പിന്നാലെ സിക്കന്ദര്‍ റാസയെയും(5) , ഹര്‍പ്രീത് ബ്രാറിനെയും ഉമ്രാന്‍ മാലിക്കും ഷാരൂഖ് ഖാന്‍(4), രാഹുല്‍ ചാഹര്‍(0) നേഥന്‍ എല്ലിസ്(0) എന്നിവരെ മാര്‍ക്കണ്ഡെയും വീഴ്ത്തിയതോടെ പഞ്ചാബ് 63-4ല്‍ നിന്ന് 88-9ലേക്ക് കൂപ്പുകുത്തി.
ഒരോവറില്‍ അഞ്ച് സിക്സ്, എലൈറ്റ് ലിസ്റ്റില്‍ ഇടം നേടി റിങ്കു സിംഗ്, ഒപ്പമുള്ളത് വമ്പന്‍മാര്‍
അവസാന വിക്കറ്റില്‍ മൊഹിത് രാത്തീയെ(1) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച ശിഖര്‍ ധവാന്‍ പഞ്ചാബിന് റണ്‍സിലെത്തിച്ചു.12 ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് ധവാന്‍റെ ഇന്നിംഗ്സ്. അവസാന വിക്കറ്റില്‍ ഐപിഎല്ലിലെ റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിച്ച് ധവാനും റാത്തീയും 55 റണ്‍സ് കൂട്ടുകെട്ടിലൂടെ പഞ്ചാബിനെ 143 ല്‍ എത്തിച്ചപ്പോള്‍ റാത്തിയുടെ സംഭാവന രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം. ഹൈദാരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 15 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍ മൂന്നോവറില്‍ 16 റണ്‍സിനും ഉമ്രാന്‍ മാലിക് നാലോവറില്‍ 32 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.