അടിക്ക് ശേഷം എറിഞ്ഞിടല്‍, പഞ്ചാബ് 201ല്‍ പുറത്ത്; ലഖ്‌നൗവിന് 56 റണ്‍സ് ജയം

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് കിംഗ്‌സിന് തുടക്കം പാളി. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സ്റ്റോയിനിസിന്‍റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തി.

IPL 2023 PBKS vs LSG Result Lucknow Super Giants won by 56 runs JJE

മൊഹാലി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വി. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തൈഡയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി. യാഷ് താക്കൂർ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒന്നും വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് കിംഗ്‌സിന് തുടക്കം പാളി. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(2 പന്തില്‍ 1) സ്റ്റോയിനിസിന്‍റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തി. പിന്നാലെ മറ്റൊരു ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(13 പന്തില്‍ 9) നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. സിക്കന്ദര്‍ റാസയ്‌ക്കൊപ്പം ക്രീസില്‍ ഒന്നിച്ച അഥര്‍വ തൈഡെ തകര്‍ത്തടിച്ചതോടെ പഞ്ചാബ് പവര്‍പ്ലേയില്‍ 55-2 എന്ന സ്കോറിലേക്ക് ഉയര്‍ന്നു. സിക്കന്ദർ റാസ 22 പന്തില്‍ 36 ഉം അഥർവ തൈഡെ 36 പന്തില്‍ 66 ഉം റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പഞ്ചാബിന്‍റെ സ്കോർ 13 ഓവറില്‍ 127. പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും സാം കറനും ചേർന്ന് 15 ഓവറില്‍ 150 കടത്തി.  

എന്നാല്‍ രവി ബിഷ്ണോയിയുടെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ലിവിംഗ്സ്റ്റണ്‍(14 പന്തില്‍ 23) എല്‍ബിയായി മടങ്ങി. ജിതേഷ് ശർമ്മ നേരിട്ട ആദ്യ പന്തില്‍ സിക്സ് നേടി തുടങ്ങിയെങ്കിലും 17-ാം ഓവറിലെ അവസാന പന്തില്‍ നവീന്‍-ഉള്‍ ഹഖ്, സാം കറനെ(11 പന്തില്‍ 21) മടക്കി. 10 പന്തില്‍ 24 എടുത്ത് നില്‍ക്കേ ജിതേഷിനെ യാഷ് താക്കൂർ പറഞ്ഞയച്ചു. അവസാന പന്തില്‍ രാഹുല്‍ ചഹാർ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. നവീന്‍റെ 19-ാം ഓവറില്‍ കാഗിസോ റബാഡയുടെ സ്റ്റംപ് നേരിട്ട ആദ്യ പന്തില്‍ തെറിച്ചപ്പോള്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കേ പഞ്ചാബിന് 59 റണ്‍സ് വേണമെന്നായി. ടീം സ്കോർ 201ല്‍ എത്തിച്ച് ഷാരൂഖ് ഖാനും(6) മടങ്ങി. അർഷ്ദീപ് സിംഗ്(2*) പുറത്താവാതെ നിന്നു. 

അറഞ്ചംപുറഞ്ചം അടി

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌‌ത ലഖ്‌നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 

നാടകീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവര്‍ മെയ്‌ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുല്‍ മാറ്റി. ഒരുവശത്ത് തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും 24 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 54 എടുത്ത കെയ്‌ല്‍ മെയേഴ്‌സിനേയും ആറ് ഓവറിനിടെ പുറത്താക്കി കാഗിസോ റബാഡ മടങ്ങിവരവ് അറിയിച്ചു. ഇതിന് ശേഷം ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും മാര്‍ക്കസ് സ്റ്റോയിനിസും 26 പന്തില്‍ അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്‌നൗ 11 ഓവറില്‍ 136/2 എന്ന സ്‌കോറിലെത്തി. 13 ഓവറില്‍ ഇരുവരും 150 കടത്തി. 

89 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ ലഖ്‌നൗവിന് 13.3 ഓവറില്‍ റണ്‍സുണ്ടായിരുന്നു. 24 ബോളില്‍ മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പടെ 43 റണ്‍സെടുത്ത ബദോനിയെ ലിയാം ലിവിംഗ്‌സ്റ്റണ്‍ മടക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്-നിക്കോളാസ് പുരാന്‍ സഖ്യം 16 ഓവറില്‍ ടീമിനെ 200 കടത്തി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്‌ദീപിന്‍റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.

Read more: സുപ്രധാന ക്യാച്ച് കൈപ്പിടിയിലൊതുക്കി ലിവിംഗ്സ്റ്റോണ്‍; പക്ഷേ പറ്റിയത് വൻ അബദ്ധം! തലയിൽ കൈവച്ച് ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios