അടിയെന്നൊക്കെ പറഞ്ഞാല്‍ പഞ്ച് അടി; പഞ്ചാബിനെതിരെ 257 റണ്‍സടിച്ച് ലഖ്‌നൗ, റെക്കോര്‍ഡ്
അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി
മൊഹാലി: നായകന്‍ കെ എല്‍ രാഹുല്‍ ഒഴികെ ബാറ്റ് പിടിച്ചവരെല്ലാം അടിയോടടി...ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഹിമാലയന്‍ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്.
നാടകീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവര്‍ മെയ്‌ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുല്‍ മാറ്റി. ഒരുവശത്ത് തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും 24 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 54 എടുത്ത കെയ്‌ല്‍ മെയേഴ്‌സിനേയും ആറ് ഓവറിനിടെ പുറത്താക്കി കാഗിസോ റബാഡ മടങ്ങിവരവ് അറിയിച്ചു. ഇതിന് ശേഷം ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും മാര്‍ക്കസ് സ്റ്റോയിനിസും 26 പന്തില്‍ അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്‌നൗ 11 ഓവറില്‍ 136/2 എന്ന സ്‌കോറിലെത്തി. 13 ഓവറില്‍ ഇരുവരും 150 കടത്തി.
89 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ ലഖ്‌നൗവിന് 13.3 ഓവറില്‍ റണ്‍സുണ്ടായിരുന്നു. 24 ബോളില്‍ മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പടെ 43 റണ്‍സെടുത്ത ബദോനിയെ ലിയാം ലിവിംഗ്‌സ്റ്റണ്‍ മടക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്-നിക്കോളാസ് പുരാന്‍ സഖ്യം 16 ഓവറില്‍ ടീമിനെ 200 കടത്തി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്‌ദീപിന്‍റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.
Read more: 30 മുതല്‍ 50 കോടി വരെ! ഇംഗ്ലണ്ട് താരങ്ങൾക്ക് സ്വപ്‌ന ഓഫറുകളുമായി ഐപിഎല്‍ ടീമുകള്‍- റിപ്പോര്‍ട്ട്